പന്തീരാങ്കാവ് കേസില്‍ രാഹുലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു; രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്പെന്ഷന്
കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഒന്നാം പ്രതി രാഹുല്‍ പി ഗോപാലിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുലിന്റെ ഹോണ്ട അമൈസ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ വീട്ടില്‍ പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി. കസ്റ്റഡിയിലെടുത്ത കാറില്‍ നിന്ന് ഫൊറന്‍സിക് സംഘം രക്തക്കറ കണ്ടെത്തി. രക്തസാമ്പിള്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും.
കേസില്‍ രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചതിന് ഒരു പൊലീസുകാരനെ കൂടി സസ്പെന്‍ഡ് ചെയ്തു. സീനിയര്‍ സിപിഒ ശരത്ത്ലാലിനെയാണ് കമ്മീഷണര്‍് സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ പ്രതിയെ നിരവധി തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് ശേഖരിച്ചു. പ്രതിയെ സാമ്പത്തികമായി സഹായിച്ചതിന്റെ തെളിവുകളും ലഭിച്ചതോടെയാണ് നടപടിയിലേക്ക് കടന്നത്.
പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുമ്പോഴും രാഹുലിനെ കണ്ടെത്താന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ വിദേശത്ത് തുടരുന്നത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ബ്ലൂ കോര്‍ണര്‍ നോട്ടിസില്‍ ആവശ്യപ്പെട്ട വിവരങ്ങളാണ് ജര്‍മ്മന്‍ എംബസി കൈമാറുന്നത്. തുടര്‍ന്നാകും റെഡ് കോര്‍ണര്‍ നോട്ടിസ് നല്‍കുക.
കേസിലെ രണ്ട്, മൂന്ന് പ്രതികളായ രാഹുലിന്റെ മാതാവിന്റെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി നാളെ പരിഗണിക്കും. ചോദ്യം ചെയ്യലിന് നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിച്ചത്.