National

ആകെ 41 പത്രികകൾ, 33 ഉം തള്ളി; ചരിത്രത്തിലെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളുമായി വാരാണസി, റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതി

Spread the love

വാരണാസിയിൽ ആകെ 41 നാമനിർദ്ദേശ പത്രികകളിൽ 33 പത്രികകളും തള്ളി. വാരണാസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സ്ഥാനാർത്ഥികളാണ് ഇത്തവണ ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2019 ൽ 26 സ്ഥാനാർത്ഥികളും 2014 ൽ 42 സ്ഥാനാർത്ഥികളും മത്സരിച്ച ഇടത്താണ് ഇത്തവണ വെറും ഏഴ് പേർ മാത്രം മത്സരിക്കുന്നത്. റിട്ടേണിംഗ് ഓഫീസർ രാജലിംഗത്തിനനും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർക്കുമെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ആദ്യം തങ്ങളുടെ പത്രികകളിൽ ഒച്ചിഴയുന്ന വേഗത്തിലാണ് റിട്ടേണിംഗ് ഓഫീസർ നടപടികൾ പൂർത്തിയാക്കിയതെന്നാണ് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടവർ അടക്കം പറയുന്നത്. പിന്നീട് 14 ബിജെപി ബന്ധമുള്ള സ്ഥാനാർത്ഥികളുടെ പത്രികകൾ പരിശോധിക്കാൻ മാത്രം റിട്ടേണിംഗ് ഓഫീസർ മണിക്കൂറുകൾ ചെലവഴിച്ചു. മെയ് 14 ന് പത്രികാ സമർപ്പണത്തിൻ്റെ അവസാന ദിവസം രാവിലെ 27 പത്രികകൾ അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകുന്നേരമായപ്പോൾ സുനിൽ കുമാർ ബിന്ദ് അടക്കമുള്ളവരുടെ പത്രികകൾ തള്ളുകയായിരുന്നു.

ഇതിൽ നിരവധി പേരുടെ പത്രിക തള്ളുന്നതിന് സത്യവാചകം ചൊല്ലിയില്ലെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്. ഇത് പത്രിക സമർപ്പിച്ചാൽ തൊട്ടുപിന്നാലെ റിട്ടേണിംഗ് ഓഫീസറുടെ മേൽനോട്ടത്തിൽ ചെയ്യേണ്ടതാണ്. ഭരണഘടനയുടെ അനുച്ഛേദം 84എ പ്രകാരമുള്ള നിബന്ധനയാണ് ഇത്. എന്നാൽ തങ്ങളോട് സത്യവാചകം ചൊല്ലാൻ റിട്ടേണിംഗ് ഓഫീസർ ആവശ്യപ്പെട്ടില്ലെന്നാണ് അവസരം നിഷേധിക്കപ്പെട്ടവർ ആരോപിക്കുന്നത്. സത്യവാചകം ചൊല്ലുന്ന കാര്യം മൂന്ന് തവണ വീതം റിട്ടേണിംഗ് ഓഫീസറോടും അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസറോടും പറഞ്ഞതാണെന്നും എന്നാൽ രണ്ട് പേരും ഇത് കേട്ടഭാവം നടിച്ചില്ലെന്നുമാണ് വാദം. 33 പേരുടെയും പത്രിക തള്ളുന്നതിന് ഇക്കാരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ആരോപണങ്ങളിൽ റിട്ടേണിംഗ് ഓഫീസർ പ്രതികരിച്ചിട്ടില്ല.

ജൂൺ ഒന്നിനാണ് വാരണാസിയിൽ വോട്ടെടുപ്പ് നടക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടമാണ് ഇത്. മെയ് ഏഴിനാണ് ഇവിടെ പത്രികകൾ സ്വീകരിക്കാൻ തുടങ്ങിയത്. ലോഗ് പാർടി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച വിനയ് ത്രിപതി, മൻവീയ ഭാരത് പാർടി സ്ഥാനാർത്ഥിയായി പത്രിക നൽകിയ ഹേമന്ത് യാദവ് എന്നിവർ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയ്ക്കുള്ള റവന്യൂ ചലാൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകാൻ വിസമ്മതിച്ചെന്ന് ആരോപിച്ചിട്ടുണ്ട്.

മെയ് ഏഴ് മുതൽ പത്ത് വരെ ആകെ എട്ട് അപേക്ഷകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിഎസ്‌പി, അപ്‌‌നാ ദൾ, യുഗ തുളസി പാർടി, ജനസേവ ഗോന്ത്വാന പാർടി, രാഷ്ട്രീയ സമാജ്‌വാദി ജൻക്രാന്തി പാർട്ടി, ബഹദൂർ ആദ്മി പാർടി സ്ഥാനാർത്ഥികളും സ്വതന്ത്ര സ്ഥാനാർത്ഥി സഞ്ജയ് കുമാർ തിവാരിയുമാണ് ഈ ദിവസങ്ങളിൽ അപേക്ഷ സമർപ്പിച്ചത്. രാഷ്ട്രീയ സമാജ്‌വാദി ജൻക്രാന്തി പാർട്ടി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ പത്രിക നൽകിയ പരസ് നാഥ് കേശാരി പത്രിക മെയ് 15 ന് സമർപ്പിക്കുകയും മെയ് 17 ന് പിൻവലിക്കുകയും ചെയ്തു. ഇതിൻ്റെ കാരണം ഇപ്പോൾ വെളിപ്പെടുത്താനാവില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. മെയ് 11 നും മെയ് 12 നും മണ്ഡലത്തിൽ പത്രികകൾ സ്വീകരിച്ചിരുന്നില്ല.

മെയ് 10 ന് പത്രിക സമർപ്പിച്ച സഞ്ജയ് കുമാർ തിവാരിയുടെ പത്രികയിൽ തെറ്റുകൾ ചൂണ്ടിക്കാട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 13 ന് ഇത് തിരുത്താൻ വേണ്ടി എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനായി റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലെത്തിയ തിവാരിയെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. ആറ് മണിക്കൂറോളം തിവാരിയെ ഇവിടെ നിർത്തിയെന്നും അദ്ദേഹം പറയുന്നു.

കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി അജയ് സിങിന് മാത്രമാണ് വേഗത്തിൽ പത്രിക സമർപ്പിക്കാൻ സാധിച്ചത്. മെയ് 13 ന് മണ്ഡലത്തിൽ ആറ് പത്രികകളാണ് സമർപ്പിച്ചത്. ഇതിലെ ആറ് സ്വതന്ത്രരിൽ അഞ്ച് പേർ – വികാസ് കുമാർ സിങ്, നീരജ് സിങ്, സച്ചിൻ കുമാർ സൊങ്കർ, അമിത് കുമാർ സിങ്, ശിവം സിങ് – വാരാണസിയിലെ ബിജെപി ഭാരവാഹികളാണെന്ന് അവർ തന്നെ തങ്ങളുടെ സോഷ്യ മീഡിയ അക്കൗണ്ടുകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ അഞ്ച് പേരുടെയും പത്രികകൾ അപൂർണമായിരുന്നു. സച്ചിൻ കുമാർ സൊങ്കർ തൻ്റെ പ്രായമോ ഫോൺ നമ്പറോ പോലും പത്രികയിൽ രേഖപ്പെടുത്തിയിരുന്നില്ല. ഈ അഞ്ച് പേരുടെ പത്രികയിലും ഒപ്പിട്ട ഒരേ നോട്ടറി കമലേഷ് സിങ് എന്നയാളാണ്. സോണിയ ജെയിൻ എന്ന മറ്റൊരു അപൂർണമായ പത്രികയും അവർ ഒപ്പിട്ടിട്ടുണ്ട്.

മെയ് 14 ന് പത്രിക സമർപ്പിക്കാനുള്ള സമയം തീരുന്ന ദിവസം ആദ്യം ലഭിച്ചത് നരേന്ദ്ര മോദിയുടെ രണ്ട് സെറ്റ് പത്രികയായിരുന്നു. ഒപ്പം ബി.ജെ.പിയുടെ ഡമ്മി സ്ഥാനാർത്ഥി സുരേന്ദ്ര നാരായൺ സിങിൻ്റെ പത്രികയും സമർപ്പിച്ചു. ഈ പത്രികാ സമർപ്പണം കഴിയുമ്പോഴേക്കും സമയം ഉച്ചയായിരുന്നു. 3 മണിക്കാണ് പത്രിക സമർപ്പണം തീരുന്നത്. അന്ന് പത്രിക സമർപ്പിച്ച എട്ട് പേർ – അശോക് കുമാർ, ദിനേഷ് കുമാർ യാദവ്, നേഹ ജയ്സ്വാൾ, അജിത് കുമാർ ജയ്സ്വാൾ, സന്ദീപ് ത്രിപഠി, അമിത് കുമാർ, നിത്യാനന്ദ് പാണ്ഡെ, വിക്രം കുമാർ വർമ- ആർഎസ്എസ് ബന്ധമുള്ളവർ എന്നാണ് ആരോപണം. ഇവരടക്കം 27 പേരുടെ പത്രികകളാണ് അന്ന് രാജലിംഗം സ്വീകരിച്ചത്.

എന്നാൽ മെയ് 15 ന് ആർഎസ്എസ്-ബിജെപി ബന്ധം ആരോപിക്കപ്പെട്ട സ്വതന്ത്ര പത്രികകളടക്കമാണ് റിട്ടേണിങ് ഓഫീസർ തള്ളിയത്. ഇതിന് പിന്നാലെ റിട്ടേണിങ് ഓഫീസർക്കെതിരെ നിരവധി പരാതികളാണ് സ്ഥാനാർത്ഥികളടക്കം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുള്ളത്.