Kerala

സോളാർ സമരം ഒത്തുതീര്‍പ്പ്: വെട്ടിലായി സിപിഎം, സിപിഐക്ക് അതൃപ്‌തി, കരുതലോടെ കോൺഗ്രസ്; നേതാക്കൾക്ക് മൗനം

Spread the love

തിരുവനന്തപുരം: സോളാർ സമരം ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിച്ചെന്ന വെളിപ്പെടുത്തലിൽ വെട്ടിലായി സിപിഎം. സമരം പിൻവലിച്ച രീതിയെ 2013 ൽ തന്നെ എതിർത്ത സിപിഐക്ക് പുതിയ വിവാദത്തിലും അതൃപ്തിയുണ്ട്. ഒത്തുതീര്‍പ്പ് വിവരം പുറത്ത് വരുമ്പോഴും കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷനേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല.

സർവ്വശക്തിയും സമാഹരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജിക്കായുള്ള സെക്രട്ടറിയേറ്റ് സമരം പെട്ടെന്ന് നിർത്തിയതിൽ അന്ന് തന്നെ തന്ന അമ്പരപ്പും സംശയങ്ങളുമുയർന്നിരുന്നു. ആരാണ് ചർച്ചക്ക് മുൻകൈ എടുത്തത് എന്നതിൽ മാത്രമാണ് ഇപ്പോഴത്തെ തർക്കം. പക്ഷെ സിപിഎം നേതൃത്വത്തിൻറെ അറിവോടെ ചർച്ച നടന്നുവെന്ന് ജോൺ ബ്രിട്ടാസ് സമ്മതിച്ചു. ചർച്ച മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും സ്ഥിരീകരിച്ചു. വിവാദം മുറുകുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിട്ടില്ല.

വിവാദം വീണ്ടും മുറുകുമ്പോൾ സിപിഐക്ക് അതൃപ്തിയുണ്ട്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള മികച്ച അവസരമായിട്ടും കോൺഗ്രസ് എടുത്തുചാടുന്നില്ല. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം വരട്ടെയെന്ന് ചില നേതാക്കൾ പറയുന്നു. തിരുവഞ്ചൂർ ഒഴികെ കെ സുധാകരനും വിഡി സതീശനും പ്രതികരിച്ചിട്ടില്ല. ധാരണയുടെ അടിസ്ഥാനത്തിലെ സമര പിന്മാറ്റത്തിൻറെ വിവരങ്ങൾ ക്ഷീണമാകുമെന്ന വിലയിരുത്തൽ നേതാക്കൾക്കിടയിലുണ്ട്.

ആവശ്യം നേടിയെടുക്കാതെ ധാരണയുടെ പുറത്ത് സമരം നിർത്തിയത് അണികളോട് ഇതുവരെ കൃത്യമായി വിശദീകരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. ജോൺ മുണ്ടക്കയത്തിൻറെ വെളിപ്പെടുത്തൽ പാർട്ടി നേതാക്കൾ അംഗീകരിക്കുന്നില്ല. ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാതെ പൊതുതാത്പര്യം മുൻനിർത്തി സമരങ്ങൾ നിർത്തമല്ലോ എന്നൊക്കെ ചില നേതാക്കൾ അനൗദ്യോഗികമായി പറയുന്നുണ്ട്. ബാർ കോഴ സമര കാലത്ത് സോളാറിലെ ഒത്തുതീർപ്പിനെ കുത്തിയായിരുന്നു സിപിഐയുടെ പരസ്യ പ്രതികരണം.