Kerala

അതിതീവ്ര മഴ: ശബരിമലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണമില്ല

Spread the love

ശബരിമലയിലേക്കുള്ള രാത്രി യാത്രയ്ക്ക് തത്കാലം നിരോധനമില്ല. മേഖലയിൽ പൊലീസിന്റെ കർശന സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചു.

മെയ് 19 മുതല്‍ 23 വരെ രാത്രി ഏഴു മണിക്ക് ശേഷമാണ് യാത്ര നിരോധിച്ചത്. ഗവി ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖലയിലേക്കും യാത്ര നിരോധനമുണ്ട്. ക്വാറികളുടെ പ്രവര്‍ത്തനവും നിരോധിച്ചു.

പത്തനംതിട്ടയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ സജ്ജമാക്കി. റാന്നി, കോന്നി മേഖലയില്‍ ദുരന്തസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ആളുകളെ ഒഴിപ്പിക്കും. ദുരന്തനിവാരണവുമായി ബന്ധപെട്ട ഉദ്യോഗസ്ഥര്‍ ജില്ല വിട്ടു പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു

തിരുവനന്തപുരം ജില്ലയിൽ മലയോര – കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു കൊണ്ട് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു. കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉൾപ്പെടെ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുമുണ്ട്.