കുട്ടിയുടെ നാവിന് പ്രശ്‌നമുണ്ടായിരുന്നു, അത് ഡോക്ടർ ബന്ധുക്കളെ അറിയിക്കാത്തത് ഗുരുതര പിഴവ്’; സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്
കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്ത്. ഡോക്ടർക്ക് വീഴ്ച പറ്റിയതാണെന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട്.
ആശുപത്രി സൂപ്രണ്ട് പ്രിൻസിപ്പലിനാണ് റിപ്പോർട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്‌നങ്ങൾ കണ്ടു. എങ്കിൽ തന്നെയും അത് ശസ്ത്രക്രിയയ്ക്ക് മുന്നേ വാക്കാൽ എങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നുവെന്നും അത് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായില്ല, അത് ഗുരുതര വീഴ്ചയാണെന്നാണ് സൂപ്രണ്ട് നൽകിയ റിപ്പോർട്ട്. അനുഭവ പരിചയമുള്ള ഡോക്ടർ എന്ന പരാമർശം റിപ്പോർട്ടിലുണ്ട്. അദ്ദേഹം ഇത്രനാൾ നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കൽ കോളജ് എസിപി ലീവിലായതിനാൽ ടൗൺ എസിപിയാണ് കേസ് അന്വേഷിക്കുന്നത്. മെഡിക്കൽ കോളജ് എസിപി ചാർജ് എടുത്തതിന് ശേഷം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്. ശസ്ത്രക്രിയ ചെയ്ത ഡോ ബിജോൺ ജോൺസനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടർ നിലവിൽ സസ്‌പെൻഷനിലാണ്.