പരിശോധന ഫലവും ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു; ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ അടിമുടി ക്രമക്കേടെന്ന് വിജിലൻസ്
സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധനാ ഓപ്പറേഷൻ അപ്പറ്റൈറ്റിൽ ഗുരുതര ക്രമക്കേടെന്ന് വിജിലൻസ്. നിലവാരം കുറഞ്ഞ ഭക്ഷ്യ ഉല്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും നടപടി ഒഴിവാക്കാൻ പരിശോധനാഫലവും ഫയലുകളും പൂഴത്തി ഒത്താശ ചെയ്യുന്നുവെന്ന് വിജിലൻസ് കണ്ടെത്തി. റാന്നി ഭക്ഷ്യ സുരക്ഷാ ഓഫീസിൽ വിജിലൻസ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. തുടർനടപടികൾക്കായി വിശദമായ റിപ്പോർട്ട് നൽകാൻ വിജിലൻസ് നീക്കം.
വൻകിട ഭക്ഷ്യ ഉല്പാദകർക്ക് ചെറുകിട ഭക്ഷ്യ ഉല്പാദകരുടെ ലൈസൻസും രജിസ്‌ട്രേഷനും നൽകി. പല സ്ഥലങ്ങളിലും രജിസ്‌ട്രേഷൻ രേഖകൾ കാണുന്നില്ലെന്ന് വിജിലൻസ് കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ തിരിച്ചെടുക്കാനുള്ള റീക്കോൾ ലെറ്റർ നൽകുന്നതിന് വീഴ്ച സംഭവിച്ചെന്നും കണ്ടെത്തി. ഏകദേശം 62ഓളം സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസുകളിലാണ് ഓപ്പറേഷൻ അപ്പറ്റൈറ്റ് എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ ഓഫീസുകളിൽ ലഭിക്കുന്ന പരാതികളിൽ ചിലർ നടപടികൾ സ്വീകരിക്കുന്നില്ല തുടങ്ങി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമായിരുന്നു മിന്നൽ പരിശോധന.