Kerala

ഗരുഡ പ്രീമിയം’ യാത്രക്കാര്‍ കയ്യൊഴിഞ്ഞു?’ വാദങ്ങൾ അസത്യം, സർവീസ് ലാഭകരം: KSRTC

Spread the love

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് KSRTC. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. മെയ് അഞ്ചിനാണ് കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് ഗരുഡ പ്രീമിയം സര്‍വീസ് ആരംഭിച്ചത്. ബസ്സിന് യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയും സഹകരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും KSRTC ഫേസ്ബുക്കിൽ കുറിച്ചു

സര്‍വീസ് ആരംഭിച്ചതു മുതല്‍ 15-ാം തിയ്യതി വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി ഗരുഡ പ്രീമിയം വിജയകരമായി സര്‍വീസ് തുടരുകയാണെന്നും കെഎസ്ആർടിസി അറിയിച്ചു. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ട്. ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു.

15-ാം തിയതി വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46,000 രൂപയ്ക്ക് മുകളില്‍ വരുമാനം ബസിൽ നിന്നും ലഭിക്കുന്നുണ്ട്. സാധാരണഗതിയില്‍ പ്രീമിയം ക്ലാസ് സര്‍വീസുകള്‍ക്ക് ലഭിക്കാറുള്ള മികച്ച പിന്തുണ യാത്രക്കാരുടെ ഭാഗത്തുനിന്നും ഗരുഡ പ്രീമിയം സര്‍വീസിനും ലഭിക്കുന്നുണ്ട്. മറ്റുള്ള രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്നും കെഎസ്ആർടിസി കൂട്ടിച്ചേർത്തു