വേങ്ങൂരിലെ മഞ്ഞപ്പിത്തബാധ: വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് വീഴ്ചയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്
വേങ്ങൂരിലെ മഞ്ഞപിത്തബാധയുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ആര്‍ഡിഒ രണ്ടാഴ്ച്ചയ്ക്ക് ഉള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്. പ്രദേശത്തെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കളക്ടരുടെ ഉത്തരവ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം ലഭിക്കേണ്ട കുടുംബങ്ങളുടെ പട്ടികയും ജില്ലാ കളക്ടര്‍ സര്‍ക്കാരിന് കൈമാറും. മൂവാറ്റുപുഴ ആര്‍ഡിയോക്കാണ് ചുമതല.
വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ അനാസ്ഥയാണ് മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാന്‍ കാരണമായതെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല കളക്ടറും അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗബാധയെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന്റെ പട്ടിക സര്‍ക്കാരിന് കൈമാറും.
അതേസമയം വീഴ്ച സംഭവിച്ച വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചു.189 പേര്‍ക്കാണ് ഇതുവരെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്.41 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.