ഹരിയാനയിൽ ബി.ജെ.പിക്ക് തിരിച്ചടി; പാർട്ടി വക്താവായ കർണി സേനാ തലവൻ രാജിവച്ചു
ഹരിയാനയിൽ ബിജെപി വക്താവും കർണി സേനാ തലവനുമായ സുരജ് പാൽ അമു ബിജെപി അംഗത്വം രാജിവച്ചു. ഗുജറാത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജിയെന്നാണ് വിവരം. 2018 ൽ പദ്‌മാവത് സിനിമക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്ത് വന്നയാളാണ് സുരജ് പാൽ അമു. ഇന്ന് പാർട്ടി ദേശീയ അധ്യക്ഷന് അയച്ച കത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം രാജിവെക്കുന്നതായി അറിയിച്ചത്.
സ്ത്രീകൾക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ വ്യക്തിക്ക് പാർട്ടി സ്ഥാനാർത്ഥിത്വം നൽകിയത് മുഴുവൻ ക്ഷത്രിയ സമുദായത്തിനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്കോട് ലോക്സഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി പരുഷോത്തം രുപാലയെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിലാണ് അദ്ദേഹത്തിൻ്റെ പ്രതിഷേധം. ബ്രിട്ടീഷ് ഭരണത്തെ രാജ്യം സ്വാതന്ത്യം നേടുന്നതിന് മുൻപ് മഹാരാജാക്കന്മാർ വണങ്ങി നിന്നുവെന്നും വിദേശ ഭരണാധികാരികൾക്ക് തങ്ങളുടെ പെൺമക്കളെ രാജാക്കന്മാർ വിവാഹം കഴിച്ചുനൽകിയെന്നുമുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനകളുടെ പേരിലാണ് വിവാദം. രുപാല പിന്നീട് പ്രസ്താവനകളിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും കർണി സേന അതിനോട് ക്ഷമിച്ചിരുന്നില്ല.
2018 ലും സുരജ് പാൽ അമു പാർട്ടി അംഗത്വം രാജിവച്ചിരുന്നെങ്കിലും ഇത് പാർട്ടി നേതൃത്വം തള്ളിയിരുന്നു. 1990-91 കാലത്ത് ബിജെപി യുവ മോർച്ചയുടെ സോഹ്ന ഡിവിഷണൽ പ്രസിഡൻ്റായിരുന്ന അമുവിന് പാർട്ടിയുമായി ദീർഘകാലത്തെ ബന്ധമുണ്ട്. 1993-96 കാലത്ത് ഇദ്ദേഹം ബിജെപി യുവ മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. 2018 മുതൽ അദ്ദേഹം പാർട്ടിയുടെ സംസ്ഥാന വക്താവാണ്.