ജെജെപിയുടെ പിന്തുണ കോണ്‍ഗ്രസിന്? ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന് ഭരണപ്രതിസന്ധി; നാളെ ഗവര്‍ണറെ കാണാന്‍ കോണ്‍ഗ്രസ്
ഹരിയാനയില്‍ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച പശ്ചാത്തലത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഗവര്‍ണറെ കാണാന്‍ ഒരുങ്ങുന്നു. നാളെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിംഗ് ഹൂഡ കത്തുനല്‍കി. ജെജെപി കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നതായി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ സര്‍ക്കാരിന് 3 ജെ ജെ പി വിമതരുടെ പിന്തുണ ഉണ്ടെന്നാണ് ബജെപി ആവര്‍ത്തിക്കുന്നത്. കോണ്ഗ്രസ് അവിശ്വസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണക്കുമെന്ന് ജെ ജെ പി നേതാവ് ദുഷ്യന്ത് ചൗട്ടാല അറിയിച്ചിരുന്നു. സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം എന്ന് ആവശ്യപ്പെട്ടു ദുഷ്യന്ത് ഗവര്‍ണര്‍ക്ക് കത്തയച്ചു. ലോകസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ അട്ടിമറി നീക്കം വേണ്ടെന്നുമാണ് കോണ്ഗ്രസിന്റെ തീരുമാനം.
കഴിഞ്ഞ മാര്‍ച്ച് 13 ന് നയാബ് സിങ് സെയ് നി സര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. ഇനി ആറു മാസത്തേക്ക് സാങ്കേതികമായി അവിശ്വസപ്രമേയം കൊണ്ട് വരാന്‍ ആകില്ല.സര്‍ക്കാരിന് ഭൂരിപക്ഷം തെളിയുക്കേണ്ടി വന്നാലും, 3 ജെ ജെ പി വിമതരുടെ പിന്തുണ ഉണ്ടെന്നാണ് ബിജെപിയുടെ അവകാശ വാദം. ഹരിയാനയിലെ 90 അംഗ നിയമ സഭയില്‍, രണ്ടു അംഗങ്ങള്‍ രാജിവച്ചതോടെ, കേവല ഭൂരിപക്ഷം 45 ആണ്. 3 സ്വാതന്ത്രര്‍ പിന്മാറിയതോടെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ 43 ആയി കുറഞ്ഞു. സഭയില്‍ വോട്ടെടുപ്പ് നടന്നാല്‍, 3 ജെ ജെ പി വിമതരുടെ വോട്ടോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയും.