‘നോട്ടുകെട്ടുകൾ കിട്ടി, അംബാനിയുമായും അദാനിയുമായും രാഹുൽ ഒത്തുതീർപ്പുണ്ടാക്കി’; മോദി
രാഹുൽഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്നാണ് ആരോപണം. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. സ്വയം പരിഹാസ്യനാവുകയാണ് രാഹുൽ ഗാന്ധിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
അതേസമയം മൂന്നാം ഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞത് ഗൗരവത്തോടെ വിലയിരുത്താൻ ബിജെപി ഉത്തരേന്ത്യയിലെ ഘടകങ്ങൾക്ക് നിർദ്ദേശം നല്കി. ഇന്നലെ നടന്ന മുന്നാം ഘട്ട വോട്ടെടുപ്പിൽ അവസാനം വന്ന കണക്ക് പ്രകാരം പോളിംഗ് 64.58 ശതമാനമാണ്. കഴിഞ്ഞ തവണത്തെക്കാൾ മുന്നു ശതമാനം കുറവ്. ഇത് കുറച്ചു കൂടി ഉയരാമെങ്കിലും പാർട്ടിക്ക് ഏറെ നിർണ്ണായകമായിരുന്ന ഘട്ടത്തിലും പോളിംഗ് കുറഞ്ഞത് ബിജെപിക്ക് ആശങ്കയാകുകയാണ്.
വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനുള്ള ഉത്സാഹം ഉത്തർപ്രദേശിൽ പോലും പാർട്ടി പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. ഇത് ഗൗരവത്തോടെ കണ്ട് പരിഹരിക്കാൻ ബിജെപി നേതൃത്വം യുപി ബീഹാർ ഘടകങ്ങൾക്ക് നിർദേശം നല്കിയെന്നാണ് വിവരം.