സുഗന്ധഗിരി വനംകൊള്ള; ഡിഎഫ്ഒയെ സ്ഥലം മാറ്റി
സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന് ഉത്തരവിൽ പറയുന്നു. അനധികൃത മരം മുറി കണ്ടെത്താൻ സാധിച്ചില്ല. തടി കടത്തിക്കൊണ്ട് പോകാൻ സാഹചര്യം ഉണ്ടായി എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി എസിഎഫ് ആയാണ് സ്ഥലം മാറ്റം. നേരത്തെ സജ്‌നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചിരുന്നു. അതിലെ തുടർ നടപടി ആണ് സ്ഥലം മാറ്റം.
ഡിഎഫ്ഒക്കെതിരായ സസ്‌പെൻഷൻ മരവിപ്പിച്ചതിൽ വിശദീകരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ രംഗത്തുവന്നിരുന്നു. നടപടിക്രമങ്ങളിലെ പാളിച്ചയെ തുടർന്നാണ് സസ്‌പെൻഷൻ മരവിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിൽ ഡിഎഫ്ഒയോട് വിശദീകരണം തേടണമെന്ന് ശുപാർശയുണ്ടായിരുന്നു. എന്നാൽ വിശദീകരണം തേടാതെയാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
സസ്പെൻഷൻ നടപടി കോടതിയിലോ ട്രിബ്യൂണലിലോ ചോദ്യം ചെയ്താൽ സർക്കാരിന് തിരിച്ചടിയാകുമെന്ന സാധ്യതയുണ്ടെന്ന് വിലയിരുത്തതിലിലാണ് സസ്‌പെൻഷൻ മരവിപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് വിശദീകരണം നൽകാൻ അവസരം നൽകും. കേസിൽ ആരെയും രക്ഷിക്കാൻ ശ്രമിക്കുകയില്ലെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റ് പറ്റിയാൽ അത് നമ്മൾ തന്നെ തിരുത്തുന്നതല്ലേ നല്ലതെന്ന് മന്ത്രി പറഞ്ഞു. DFO എം ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെയായിരുന്നു സസ്പെൻഡ് ചെയ്തിരുന്നത്.