തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കാമെന്ന് സുപ്രിംകോടതി
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നല്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീം കോടതി.അറസ്റ്റിനെതിരെയുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ തീരുമാനത്തിന് സമയം എടുക്കുമെന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.ഇടക്കാല ജാമ്യപേക്ഷയില് വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.ഇതിനുള്ള ഉപാധികള്‍ അറിയിക്കാന്‍ ഇഡിയോട് കോടതി നിര്‍ദേശിച്ചു. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.ഡല്‍ഹി ഹൈക്കോടതി ഈ വിഷയത്തില്‍ നല്കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് കേജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കേജ്രിവാളിന്റെ ഹര്‍ജി പരിഗണിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിലവില്‍ തിഹാര്‍ ജയിലിലാണ്.
തെളിവുകളൊന്നുമില്ലാതെ ആണ് തന്നെ അറസ്റ്റ് ചെയ്തത് എന്നുള്‍പ്പെടെയുള്ള വാദങ്ങളാണ് കെജ്രിവാള് കോടതിയില്‍ നിരത്തിയത്. ഭരണ ഘടന ഉറപ്പ് നല്കുന്ന പ്രാഥമിക അവകാശങ്ങളുടെ ലംഘനമാണിത്. സമന്‍സിന് അനുസൃതമായി ഹാജരാകാതിരുന്നത് നടപടിയ്ക്ക് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ ബോധ്യപ്പെട്ടതിനാലാണ്. സമന്‍സ് അനുസരിച്ച് ഹാജരാകാതിരുന്നു എന്നതിന്റെ പേരില്‍മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഇ.ഡി. നീക്കം നിയമവിരുദ്ധമായിരുന്നെന്നുമാണ് കെജ്രിവാളിന്റെ വാദം. മദ്യനയക്കേസിന്റെ സൂത്രധാരന്‍ കെജ്രിവാളാണെന്നാരോപിച്ച് ഇ.ഡി കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കിയിരുന്നു.