National

400 സ്ത്രീകളെ ബലാത്സംഗം ചെയ്തയാള്‍ക്ക് വേണ്ടിയാണ് മോദി വോട്ടുചോദിച്ചത്; മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

Spread the love

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. രേവണ്ണയുടെ കുറ്റകൃത്യം കൂട്ട ബലാത്സംഗമെന്ന് പറഞ്ഞ രാഹുല്‍, നാനൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചയാള്‍ക്ക് വോട്ട് ചെയ്യാനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തതെന്നും മോദി രാജ്യത്തെ സ്ത്രീകളോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

പ്രജ്വല്‍ രേവണ്ണ കൂട്ട ബലാത്സംഗക്കേസിലെ കുറ്റക്കാരനാണ്. ഇതെല്ലാം അറിയാമായിരുന്നിട്ടും ബിജെപി ജെഡിഎസുമായി സഖ്യമുണ്ടാക്കി. അവരെ പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രേവണ്ണയെയും പാര്‍ട്ടിയെയും പിന്തുണച്ചു. കൂട്ട ബലാത്സംഗ കേസിലെ പ്രതിക്ക് വോട്ട് ചോദിച്ച മോദി രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇതിനിടെ പ്രജ്വല്‍ രേവണ്ണക്കായി അന്വേഷണ സംഘം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വലിന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തെ സാവകാശം വേണമെന്നാണ് പ്രജ്വല്‍ നോട്ടീസിന് മറുപടി നല്‍കിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറായില്ല. പ്രജ്വലിനെ എത്രയും പെട്ടന്ന് നാട്ടിലെത്തിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രജ്വലിന്റെ ഫോണും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കേണ്ടത് കേസില്‍ നിര്‍ണായകമാണ്. പ്രജ്വല്‍ കൂടുതല്‍ സമയം വിദേശത്ത് തുടര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.