6 വയസുകാരനെ ട്രേഡ് മില്ലില്‍ വ്യായാമം ചെയ്യിച്ച് പിതാവ്; ഒടുവില്‍ ദാരുണാന്ത്യം
അമിത വ്യായാമം മൂലം യുഎസില്‍ ആറുവയസുകാരനായ ബാലന്‍ മരിച്ചു. ന്യൂജേഴ്‌സിയിലാണ് പിതാവ് തന്റെ ആറ് വയസുള്ള മകനെ നിര്‍ബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിച്ചത്. മകന് അമിത വണ്ണമുണ്ടെന്ന് കാണിച്ച് ട്രെഡ്മില്‍ ഉപയോഗിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മരണം സംഭവിച്ചത്
2021ലാണ് കുട്ടി മരണപ്പെട്ടത്. മരണകാരണം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. 31കാരനായ പ്രതി ക്രിസ്റ്റഫര്‍ ഗ്രിഗര്‍ ആണ് തന്റെ മകന്‍ മിക്കിയോലോയെ നിര്‍ബന്ധിച്ച് ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യിച്ചത്. ക്രിസ്റ്റഫര്‍ ഗ്രിഗര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും.
2021 മാര്‍ച്ച് 20ന് അറ്റ്‌ലാന്റിക് ഹൈറ്റ്‌സ് ക്ലബ്ഹൗസ് ഫിറ്റ്‌നസ് സെന്ററില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കോടതിയിലെത്തിയത്. കുട്ടി ട്രെഡ്മില്ലില്‍ ഓടുന്നതും തുടര്‍ച്ചയായി അതില്‍ നിന്ന് വീഴുന്നതും ദൃശ്യത്തില്‍ കാണാം. വീണ കുട്ടിയെ വീണ്ടും വീണ്ടും വ്യായാമം ചെയ്യിക്കുകയായിരുന്നു പിതാവ്. കുട്ടിയുടെ മാതാവ് ബ്രെന മിക്കിയോലോയാണ് കേസിലെ നിര്‍ണായക സാക്ഷി. കുട്ടി ട്രെഡ്മില്‍ ഉപയോഗിക്കുന്നതും വീഴുന്നതും കോടതിയില്‍ വച്ചുകണ്ട മാതാവ് പൊട്ടിക്കരഞ്ഞു. അനാവശ്യമായ വ്യായാമം മൂലം കുട്ടിയുടെ ഹൃദയത്തിനും കരളിനും ദോഷം സംഭവിച്ചാണ് മരണമുണ്ടായത്.