പ്രതിഷേധം തള്ളി, ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ മാറ്റങ്ങളോടെ; പരീക്ഷാ പരിഷ്കരണം നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണം നാളെ മുതൽ നടപ്പാക്കും. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്കുകൾ ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും പരീക്ഷ. റോഡ് ടെസ്റ്റിന് ശേഷമാകും ‘ H ‘ ടെസ്റ്റിൽ പങ്കെടുപ്പിക്കുക. റോഡ് ടെസ്റ്റിലും ഇതുവരെ നടന്നു വന്ന രീതികളിൽ മാറ്റമുണ്ടാകും. ഇക്കാര്യങ്ങൾ വിശദമാക്കി സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.
അതേ സമയം, മെയ് 2 മുതൽ നടപ്പാക്കുന്ന ഡ്രൈവിംഗ് പരിഷ്ക്കാരം ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്നാണ് സിഐടിയു നിലപാട്. പ്രതിഷേധം തണുപ്പിക്കാൻ ഗതാഗതമന്ത്രി ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സമരവുമായി സംഘടന മുന്നോട്ടുപോവുകയാണ് .
പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല, തുടങ്ങി മെയ് 2 മുതൽ വലിയ പരിഷ്ക്കാരത്തിനായിരുന്നു മന്ത്രി ഗതാഗതമന്ത്രിയുടെ നിർദ്ദേശം. പുതിയ ട്രാക്കൊരുക്കാൻ ഗതാഗതകമ്മീഷണർ സർക്കുലർ ഇറക്കിയെങ്കിലും ഇതുവരെ പുതിയ ട്രാക്കുകള്‍ ഉണ്ടാക്കിയുമില്ല.
ട്രാക്കൊരുക്കാതെ പരിഷ്ക്കാരത്തെ തടയാനായിരുന്നു ഡ്രൈവിംഗ് സ്കൂളുകളുടെ നീക്കം. എന്നാൽ ചില ഇളവുകള്‍ വരുത്തി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം തുടരാൻ മന്ത്രി തീരുമാനിച്ചു. പ്രതിദിന ടെസ്റ്റ് 60 ആക്കി, പുതിയ ട്രാക്ക് ഒരുക്കുന്നതുവരെ എച്ച് ടെസ്റ്റ് തുടരും, എച്ച്. ടെസ്റ്റിന് മുമ്പ് റോഡ് ടെസ്റ്റ് നടത്തണം തുടങ്ങിയ ക്രമീകരണങ്ങളാണ് നടപ്പാക്കുന്നത്.