Tuesday, November 5, 2024
Latest:
National

പത്രിക നൽകി, പിന്നാലെ വധശ്രമ കേസ്; ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിൽ ചേർന്നത് കോടതി നടപടിക്ക് പിന്നാലെ

Spread the love

കാന്തിലാൽ തന്നെ തീ കൊളുത്തി കൊല്ലാൻ സത്‌വീറിനോട് ആവശ്യപ്പെട്ടുവെന്നാണ് യൂനുസ് ഖാൻ പൊലീസിനോട് പറഞ്ഞത്. ഇദ്ദേഹത്തിൻ്റെ അയൽവാസി ഉസ്മാൻ സാക്ഷിമൊഴിയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികൾ സ്വാധീനമുള്ളവരും ധനികളും ഉന്നതങ്ങളിൽ പിടിയുള്ളവരുമെന്നാണ് പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സത്‌വീർ സിങിൻ്റെ സുരക്ഷാ ഏജൻസി അനധികൃതമായി ഭൂമി കൈയ്യടക്കുന്നവരാണെന്നും യൂനുസ് ഖാൻ്റെ അജ്ഞത മുതലെടുത്ത് കാന്തിലാലും അക്ഷയും ഇവരുടെ ഭൂമി തട്ടിയെടുത്തെന്നും പ്രൊസിക്യൂഷൻ ആരോപിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥി അക്ഷയ് ബാം പത്രിക പിൻവലിച്ചത് 17 വർഷം മുൻപത്തെ വധശ്രമ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ. ഏപ്രിൽ 23 നാണ് മണ്ഡലത്തിൽ മത്സരിക്കാനായി അക്ഷയ് ബാം പത്രിക നൽകിയത്. ഏപ്രിൽ 24 നാണ് ഇദ്ദേഹത്തിനെതിരെ വധശ്രമ കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. പിന്നാലെ ഏപ്രിൽ 29 ന് മധ്യപ്രദേശിലെ മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗീയ, അക്ഷയ് ബാം ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറിയതായി അറിയിക്കുകയുമായിരുന്നു. സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയതും മറ്റ് സ്ഥാനാർത്ഥികൾ പത്രികകൾ പിന്തുണച്ച് ബിജെപി സ്ഥാനാർത്ഥിക്ക് എതിരില്ലാതെ ജയം സമ്മാനിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ചുവടുമാറ്റം.

നാലാം ഘട്ടത്തിൽ മെയ് 13 നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കേണ്ടത്. മെയ് 10 ന് അക്ഷയ് ബാമിനോടും അച്ഛനോടും കോടതിയിൽ നേരിട്ട് ഹാജരാകാൻ ഇൻഡോർ ജില്ലാ കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്‌ജി നിധി നിലേഷ് ശ്രീവാസ്തവ നിർദ്ദേശിച്ചിട്ടുണ്ട്.കോടതി രേഖകൾ പ്രകാരം 2007 ഒക്ടോബർ നാലിന് നടന്ന സംഭവത്തിലാണ് കോടതി നിർദ്ദേശം. യൂനുസ് ഖാൻ എന്നയാളുടെ കൃഷിയിടത്തിലേക്ക് അതിക്രമിച്ച് കയറി ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ ആക്രമിക്കുകയും സോയാബീൻ പാടത്തിന് തീയിട്ടുവെന്നുമാണ് കേസ്. അക്ഷയ് ബാം, അച്ഛൻ കാന്തിലാൽ, സെക്യൂരിറ്റി ഏജൻസി ഉടമ സത്‌വീർ സിങ് എന്നിവരാണ് കേസിലെ പ്രതികൾ.

ഐപിസി 323, 506, 148, 149, 435 വകുപ്പുകൾ ചുമത്തിയാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ആക്രമിച്ച് മുറിവേൽപ്പിക്കുക, ഗൂഢാലോചന, കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായ സംഘം ചേരൽ, തീയോ സ്ഫോടക വസ്തുവോ ഉപയോഗിച്ച് ആക്രമിക്കൽ എന്നിവയാണ് കുറ്റങ്ങൾ. 2014 ഫെബ്രുവരി 24 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിചാരണക്കിടെ കേസിലെ ഒരു പ്രതി സത്‌വീർ മരിച്ചു. മറ്റൊരു പ്രതിയായ സോഹൻ ഈ കാലയളവിൽ ഒളിവിൽ പോയി. ഇയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

യൂനുസ് ഖാനെതിരെ ആക്രമിച്ച് കവർച്ച നടത്തിയെന്ന് ആരോപിച്ച് ഒരു കേസ് അക്ഷയ് ബാമിൻ്റെ കുടുംബം നൽകിയിരുന്നെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കോടതി ഇത് തള്ളിയിരുന്നു. 2022 ൽ കേസിൽ യൂനുസ് ഖാൻ കോടതിയെ സമീപിച്ച് തൻ്റെ കേസ് മറ്റൊരാൾ വാദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സംഭവം നടന്ന് ഇത്രയും വർഷം കേസിൽ നിഷ്ക്രിയനായിരുന്ന പരാതിക്കാരൻ ഇപ്പോൾ പരാതി ശക്തമായി ഉന്നയിക്കുന്നത് ഉപദ്രവിക്കാൻ വേണ്ടിയാണെന്നായിരുന്നു അക്ഷയ് ബാമിൻ്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. എന്നാൽ ഇത് പരിഗണിക്കാതെ കോടതി യൂനുസ് ഖാൻ്റെ ഹർജി പരിഗണനക്ക് എടുക്കുകയായിരുന്നു.

താൻ കൃഷിയിടത്തിലേക്ക് പോകുമ്പോൾ തന്നെ കാന്തിലാലിൻ്റെയും അക്ഷയ് ബാമിൻ്റെയും സത്‌വീറിൻ്റെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവെച്ചെന്നും കാന്തിലാൽ തങ്ങളുടെ ഒപ്പമുണ്ടായിരുന്നവരോട് ഇതാണ് യൂനുസ് ഇയാളെ വെടിവെക്കൂ എന്ന് ആവശ്യപ്പെട്ടെന്നുമാണ് പൊലീസിന് നൽകിയ മൊഴിയിൽ യൂനുസ് പറഞ്ഞത്. വെടിവെക്കാൻ ഉപയോഗിച്ച 12 ബോർ തോക്കും ഒരു കാർട്‌റിഡ്‌ജും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു.

ഏപ്രിൽ 24 ന് കേസിൽ കോടതിയുടെ നിർണായക നിരീക്ഷണം ഉണ്ടായി. സത്‌വീർ ഉതിർത്ത വെടിയുണ്ട യൂനുസിൻ്റെ ശരീരത്തിൽ കൊണ്ട് അദ്ദേഹം കൊല്ലപ്പെട്ടിരുന്നെങ്കിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തുമായിരുന്നു. അതിനാൽ തന്നെ ലഭ്യമായ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ സംഭവത്തിൽ 307 ഏപിസി പ്രഥമദൃഷ്ട്യാ ചുമത്താവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

തൻ്റെ തെരഞ്ഞെടുപ്പ് പത്രികയിൽ തനിക്കെതിരെ മറ്റ് രണ്ട് കേസുകൾ കൂടി നിലവിലുണ്ടെന്നാണ് അക്ഷയ് ബാം വ്യക്തമാക്കിയിരുന്നത്. 2018 ലായിരുന്നു ആദ്യത്തെ കേസ്. അമിത വേഗതയിൽ വാഹനമോടിച്ചതിനായിരുന്നു ഇത്. കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഇത് പൊലീസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. 2022 ലായിരുന്നു രണ്ടാമത്തെ സ്വകാര്യ അന്യായം അക്ഷയ് ബാമിനെതിരെ ചുമത്തിയത്. ഈ ഭൂമി ഉടമവസ്ഥാവകാശ തർക്ക കേസ് ഇൻഡോർ കോടതിയുടെ പരിഗണനയിലാണ്. ഈ കേസിലും കുറ്റങ്ങൾ ചുമത്തിയിട്ടില്ല.

സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ഇൻഡോറിൽ കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ 73 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഗുജറാത്തിലെ സൂറത്ത് ലോക്സഭ സീറ്റിൽ വോട്ടെടുപ്പ് നടത്താതെ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുമ്പാനിയുടെയും ഡമ്മി സ്ഥാനാർത്ഥി സുരേഷ് പൽസദയുടെയും പത്രികകൾ തള്ളിയതും സ്വതന്ത്രർ അടക്കം എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തതോടെയാണ് വോട്ടെടുപ്പിന് മുൻപേ തന്നെ മണ്ഡലത്തിൽ തീരുമാനമായത്. മുകേഷ് ദലാലിലൂടെ ബിജെപി ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം നേടി. കഴിഞ്ഞ ഏപ്രിൽ 21നാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ മുകേഷ് ദലാലിനെ വിജയിയായി പ്രഖ്യാപിച്ചത്. പത്രികകളിൽ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പത്രികകൾ തള്ളിയത്. ഇതിന് ശേഷം കോൺഗ്രസ് സ്ഥാനാർത്ഥികളായിരുന്നവർ സൂറത്തിൽ നിന്ന് മുങ്ങിയതും വിവാദമായിരുന്നു.