അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു; മോചനദ്രവ്യം ഇന്ത്യന്‍ എംബസി മുഖേന കൈമാറും
സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. നാട്ടില്‍ നിന്ന് സ്വരൂപിച്ച 34 കോടി രൂപ സൗദിയില്‍ ഉടന്‍ തന്നെ എത്തിക്കും. ഇന്ത്യന്‍ എംബസി മുഖേനയാണ് തുകയെത്തിക്കുക. ഒരു മാസത്തിനുള്ളില്‍ തന്നെ അബ്ദ്റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് നിയമ സഹായ സമിതി.
മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന് തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് റിയാദിലെ നിയമസഹായ സമിതി ഇതിനിടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും മോചനത്തിനായുള്ള ഊര്‍ജിത പരിശ്രമത്തിലാണ്. മോചനദ്രവ്യമായ 34 കോടിരൂപ സ്വരൂപിച്ചതായും അബ്ദുറഹീമിന് മാപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് അബ്ദുറഹീമിന്റെ അഭിഭാഷകന് നേരത്തെ തന്നെ കോടതിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നല്കാന് തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബവും അഭിഭാഷകന് മുഖേന കോടതിയെ അറിയിച്ചു.