Monday, January 27, 2025
National

‘മോദി ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല’; 24×7, 2047വരെ നിങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി

Spread the love

വയനാട് സീറ്റ് വിജയിക്കാൻ കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിന്തുണ തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

കോൺഗ്രസ് പിഎഫ്ഐയെ വോട്ടിനായി ഉപയോഗിച്ചു. തീവ്രവാദത്തിന് അഭയം നൽകുന്ന, മോദി സർക്കാർ നിരോധിച്ച, ദേശവിരുദ്ധ സംഘടനയാണിത്. ഒരു സീറ്റിൽ ജയിക്കാൻ വേണ്ടി മാത്രം തീവ്രവാദ സംഘടനയായ പിഎഫ്ഐയെ പിന്തുണയ്ക്കുകയാണ് കോൺഗ്രസ്.” റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

“കോൺഗ്രസ് നിങ്ങളുടെ സ്വത്ത്, സമ്പത്ത്, ആഭരണങ്ങൾ, താലിമാല എന്നിവയുടെ എക്സ് റേ എടുക്കും. അവർ ഓരോ വീടുകളും റെയ്ഡ് ചെയ്ത് നിങ്ങളുടെ സ്വത്ത് തട്ടിയെടുക്കുകയും, അത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് പുനർവിതരണം ചെയ്യുകയും ചെയ്യും,” പ്രധാനമന്ത്രി മോദി പറഞ്ഞു.

മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു.

24×7 നിങ്ങള്‍ക്കൊപ്പം, 2047വരെ നിങ്ങള്‍ക്കൊപ്പം. അതാണ് എന്‍റെ സ്വപ്നം. ജനങ്ങളുടെ വോട്ട് തട്ടിയെടുത്ത് പ്രിയപ്പെട്ട മതത്തിന്‍റെ വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോൺഗ്രസിന്‍റെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.