Kerala

വിദ്യാർത്ഥിയാണ്, പഠിക്കണം; ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ അനുപമയുടെ ജാമ്യാപേക്ഷ തള്ളി കോടതി

Spread the love

ഓയൂർ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാർത്ഥിയായ തൻ്റെ പഠനം തുടരാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്.
കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകൾക്കുള്ള റിയാക്ഷൻ വീഡിയോകളാണ് അനുപമ പദ്മൻ എന്ന യൂട്യൂബ് ചാനലിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും വർധിച്ചിരുന്നു.