Sunday, December 29, 2024
Latest:
Kerala

‘ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയ വിഷം ചീറ്റാന്‍ നോക്കേണ്ട’; ദി കേരള സ്‌റ്റോറിയ്‌ക്കെതിരെ മാര്‍ ജോസഫ് പാംപ്ലാനി

Spread the love

വിവാദ ചിത്രം ദി കേരള സ്റ്റോറിയെ രൂക്ഷമായി വിമര്‍ശിച്ച് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ യുവതികളുടെ പേരുപറഞ്ഞ് വര്‍ഗീയതയ്ക്ക് ആരും ശ്രമിക്കേണ്ടെന്ന് പാംപ്ലാനി പറഞ്ഞു. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുതെന്നും ബിഷപ്പ് തുറന്നടിച്ചു. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസയ്‌ക്കെതിരെയാണ് അദ്ദേഹത്തിന്റെ പരോക്ഷമായ വിമര്‍ശനം.

യുവതികളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം. നിങ്ങള്‍ ആത്മാഭിമാനമുള്ള മക്കളാണെന്നും തലശ്ശേരിയിലെ ഒരു പെണ്‍കുട്ടിയെപ്പോലും ആര്‍ക്കും ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവിടുത്തെ യുവജനങ്ങള്‍ പ്രബുദ്ധരാണ്. നമ്മുടെ പെണ്‍മക്കളുടെ പേരുപറഞ്ഞ് വര്‍ഗീയ ശക്തികള്‍ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ല. നമ്മുടെ പെണ്‍കുട്ടിയെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിന് അറിയാമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

കണ്ണൂര്‍ ചെമ്പേരിയില്‍ നടന്ന കെസിവൈഎമ്മിന്റെ യുവജന സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.