Kerala

‘മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു’; ഇ.പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് അതൃപ്തി

Spread the love

ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി.
ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ. ഇ.പി ജയരാജൻ സിപിഐഎം നേതാവ് മാത്രമല്ല, ഇടതുമുന്നണി കൺവീനർ കൂടിയാണെന്നും
പോളിംഗ് ദിവസം രാവിലെ കുറ്റസമ്മതം നടത്താൻ പാടില്ലായിരുന്നുവെന്ന് സിപിഐ പ്രതികരിച്ചു. വിവാദം സിപിഐഎമ്മിന്റെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്നും സിപിഐ പറഞ്ഞു. കൺവീനർ സ്ഥാനത്ത് ഇപി തുടരുന്നതിലും സിപിഐക്ക് എതിർപ്പുണ്ടെന്നാണ് വിവരം. മാത്രമല്ല സിപിഐഎം നടപടിയെടുത്തില്ലെങ്കിൽ സിപിഐ നടപടി ആവശ്യപ്പെടുമെന്നാണ് വിവരം.

ഇ.പി ജയരാജൻ നടത്തിയ തുറന്നു പറച്ചിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ബിജെപിയുടെ മുതിർന്ന നേതാവുമായി വീട്ടിൽ കൂടിക്കാഴ്ച നടത്തിയെന്നത് നിസാരമായി തള്ളാനാവില്ലെന്ന വികാരമാണ് മുതിര്‍ന്ന നേതാക്കൾക്കുളളത്.

അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. തെരഞ്ഞെടുപ്പ് ദിവസത്തിലെ ഇപിയുടെ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിന് നീരസമുണ്ട്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇപി ജയരാജനെ തള്ളിയിരുന്നു.