സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
സംസ്ഥാനത്ത് സ്‌കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ. ഗ്രേസ് മാർക്ക് മാത്രം പരിഗണിച്ചാൽ മതിയെന്നും ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇരട്ട ആനുകൂല്യം അക്കാദമിക രംഗത്ത് മികവ് പുലർത്തുന്നവരെ പിന്തള്ളുവെന്ന് വിലയിരുത്തിയാണ് നടപടി.
സ്‌കൂൾ തലത്തിൽ കലാ-കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് അടക്കം നേടുന്നവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കാറുണ്ട്. ഇതോടൊപ്പം ഹയർ സെക്കന്ററി പ്രവേശനത്തിന് ബോണസ് മാർക്ക് കൂടി നൽകുന്നുണ്ട്. ഇതു അക്കാദമിക രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന് കണ്ടെത്തിയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിഗ്രേസ് മാർക്ക് മാനദണ്ഡങ്ങളാണ് പരിഷ്‌കരിച്ചത്. എട്ട്, ഒൻപത് ക്ലാസിൽ സംസ്ഥാനതല മത്സരത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചിട്ടുണ്ടെങ്കിൽ പത്താം ക്ളാസിൽ റവന്യൂ ജില്ലാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചാലും ഗ്രേസ് മാർക്ക് ലഭിക്കും
കായിക മത്സരങ്ങൾക്കുള്ള ഗ്രേസ് മാർക്ക് മാനദണ്ഡലത്തിലും മാറ്റമുണ്ട്. ഗ്രേസ് മാർക്ക് ഒരിക്കൽ നൽകുന്നതിനാൽ അടുത്ത തലത്തിലേക്കുള്ള പ്രവേശനത്തിന് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ ബോണസ് മാർക്ക് നൽകേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി.