‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല
വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. നല്ല വിജയപ്രതീക്ഷയുണ്ടെന്നും യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമാണ് ഉള്ളത്. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേരുമ്പോൾ ശതമാനം ഇനിയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇ പി ജയരാജനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. മുഖ്യമന്ത്രി അറിയാതെ ഇ പി ജയരാജൻ ഒന്നും ചെയ്യില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര കേരളത്തിൽ നിലനിൽക്കുന്നു. ബിജെപി സിപിഐഎമ്മുമായി ഡീൽ ഉണ്ടാക്കിയെന്നും എന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയും പോളിങ്ങ് തുടർന്നിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ 141-ാം ബൂത്തിലാണ് ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആൾ വോട്ട് രേഖപ്പെടുത്തിയത്.നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.