പ്രധാനമന്ത്രിക്കെതിരെ പൊലീസിൽ പരാതി നൽകി സിപിഎം; പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിച്ചില്ല, കമ്മീഷണര്‍ക്ക് അയച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസില്‍ പരാതി നൽകി സിപിഎം. പിബി അംഗം ബൃന്ദ കാരാട്ട്, ദില്ലി സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം പുഷ്പീന്ദർ സിങ് ഗ്രെവാള്‍ എന്നിവരാണ് പരാതിക്കാർ. എന്നാൽ പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിച്ചില്ല. തുടര്‍ന്ന് പരാതി ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമുദായങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളർത്തുന്ന പരാമർശം നടത്തി, ദേശീയോദ്ഗ്രഥനത്തിന് വിഘാതമാകുന്ന പ്രസ്താവന നടത്തി എന്നുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് പരാതി.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ഇന്നലെ നടത്തിയ പ്രസംഗത്തിലാണ് മുസ്ലീംങ്ങള്‍ക്കെതിരെ കടുത്ത വിഭാഗീയ പരാമര്‍ശങ്ങള്‍ മോദി നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കുമെന്നും കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണവും സ്ത്രീകളുടെ കെട്ടുതാലി പോലും കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ വിഭാഗത്തിലേക്ക് പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധമുയര്‍ത്തി. ന്യായീകരിക്കാന്‍ അമിത്ഷായെ ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെ ഇന്ന് അലിഗഡില്‍ നടത്തിയ റാലിയില്‍ മുത്തലാഖ് നിരോധനം , ഹജ്ജ് ക്വാട്ട ഉയര്‍ത്തിയതടക്കമുള്ള ക്ഷേമപദ്ധതികള്‍ ഉന്നയിച്ച് വിവാദം തണുപ്പിക്കാന്‍ മോദി ശ്രമിച്ചു. രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് കൊണ്ടുപോകുമെന്ന് ആവര്‍ത്തിച്ചെങ്കിലും മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞില്ല. ജാതിസെന്‍സസിനൊപ്പം സാമ്പത്തിക-സാമൂഹിക സെന്‍സസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചത്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ നടത്തിയ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.