ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്; സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ജയം ബിജെപിയ്ക്ക്. സൂറത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയും മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥി സഭയിലേക്ക് എതിരില്ലാതെ വിജയിച്ചത്.
നാമനിര്‍ദേശ പത്രികയില്‍, നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുഭാനിയുടെ പത്രിക വരണാധികാരി തള്ളുകയും, ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍, വോട്ടെടുപ്പിന് മുന്‍പേ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് ഒപ്പിട്ട ചിലരുടെ ഒപ്പ് വ്യാജമാണെന്ന് ബിജെപി മുന്‍പ് തന്നെ ആരോപിച്ചിരുന്നു.
ബിഎസ്പി സ്ഥാനാര്‍ത്ഥി പ്യാരേലാല്‍ ഭാരതി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് അപ്രതീക്ഷിതമായി പത്രിക പിന്‍വലിക്കുകയായിരുന്നു. 1984 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് സൂറത്ത്. എന്നാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചുകൊണ്ടാണ് ബിജെപി സൂറത്തില്‍ വിജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.