Kerala

വേനല്‍ മഴയും കാറ്റും; മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടം, നാല് വീടുകളും വൈദ്യുത പോസ്റ്റുകളും തകർന്നു

Spread the love

കോഴിക്കോട്: കഴിഞ്ഞ ദിവസം ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലുണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ തെങ്ങും പനയുമെല്ലാം പൊട്ടിവീണാണ് അപകടമുണ്ടായത്. നാല് വീടുകള്‍ക്കു മുകളിലാണ് തെങ്ങ് പൊട്ടിവീണത്.

ഇന്നലെ വൈകിട്ടോടെയാണ് ഈ പ്രദേശങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചത്. കൂട്ടാലിട മുക്കുന്നുമ്മേല്‍ ഒതേനന്റെ വീടിന് മുകളില്‍ പന പൊട്ടി വീഴുകയായിരുന്നു. ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വലയിരുത്തല്‍. കൂടത്തില്‍ ഗംഗാധരന്‍ നായരുടെ വീടിന് മുകളിലേക്ക് തെങ്ങ് പൊട്ടി വീണു. കൂട്ടാലിടയിലും സമീപ പ്രദേശങ്ങളിലും മരം വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നിട്ടുണ്ട്. ഇവിടെ ഇതുവരെയും വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ല.

കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ചു കൊന്നു

നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരില്‍ കുളപ്പുറത്ത് മീത്തല്‍ ബാലന്‍ നായരുടെ വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നാട്ടുകാര്‍ ചേര്‍ന്ന് തെങ്ങ് മുറിച്ചുമാറ്റി. പാറക്കലില്‍ അരിക്കോത്ത്കണ്ടി മീത്തല്‍ അഷ്‌റഫിന്റെ വീട് തെങ്ങ് വീണ് ഭാഗികമായി തകര്‍ന്ന നിലയിലാണ്. വീടിന്റെ അടുക്കള ഭാഗത്തുള്ള ഓടും മേല്‍ക്കൂരയും ചുമരും തകര്‍ന്നു. കോണ്‍ക്രീറ്റ് സ്ലാബിനും വിള്ളലുണ്ടായി. കാവില്‍ മാപ്പറ്റതാഴെ ഭാഗത്തേക്കുള്ള രണ്ട് വൈദ്യുതി പോസ്റ്റുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.