World

പാകിസ്ഥാന് ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യ നൽകി; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

Spread the love

വാഷിങ്ടൺ: പാകിസ്ഥാന് ബാലിസ്റ്റിക് മിസൈൽ സാങ്കേതിക വിദ്യയും ഉപകരണങ്ങളും നൽകിയ ചൈനീസ് കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക. മൂന്ന് ചൈനീസ് കമ്പനികൾക്കും ബെലാറസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്കുമാണ് ഉപരോധം ഏർപ്പെടുത്തിയത്. മിൻസ്‌ക് വീൽ ട്രാക്ടർ പ്ളാൻറ്, സിയാൻ ലോംഗ്‌ഡെ ടെക്‌നോളജി ഡെവലപ്‌മെൻ്റ് കമ്പനി ലിമിറ്റഡ്, ടിയാൻജിൻ ക്രിയേറ്റീവ് സോഴ്‌സ് ഇൻ്റർനാഷണൽ ട്രേഡ് കമ്പനി ലിമിറ്റഡ്, ഗ്രാൻപെക്റ്റ് കമ്പനി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾക്കാണ് ഉപരോധമേർപ്പെടുത്തിയത്.

ചൈന പാകിസ്ഥാന് കൈമാറിയതിൽ ദീർഘദൂര മിസൈൽ നിർമിക്കാനുള്ള സാ​ങ്കേതി വിദ്യകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വ്യക്തമാക്കി. ചൈനയുമായി ബന്ധമുള്ള നാല് കമ്പനികൾ പാകിസ്ഥാന് ആയുധങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും വിതരണം ചെയ്തതായി വിവരം ലഭിച്ചെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ചൈനയുടെ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്നും മില്ലർ വ്യക്തമാക്കി.

മിൻസക് വീൽ ട്രാക്റ്റർ പ്ലാന്റ് കമ്പനി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കുള്ള പ്രത്യേക വാഹനം നൽകിയെന്നും സിയാൻ ലോങ്ഡെ ടെക്നോളജി ഡെവലപ്മെന്റ് ഫിലമെന്റ് വൈൻഡിങ് മെഷീൻ ഉൾപ്പെടെയുള്ള വിതരണം ചെയ്തുവെന്നും യുഎസ് ആരോപിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാ​ഗമായാണ് ചൈനീസ് സഹായമെന്നും പറയുന്നു