ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു
ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു എന്ന് മസ്ക് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
എക്സ് വഴിയാണ് ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് ഇലോൺ മസ്ക് അറയിച്ചിരിക്കുന്നത്. ഈ വർഷം അവസാനം സന്ദർശിക്കാൻ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്നു പോസ്റ്റിൽ പറയുന്നു. ഏപ്രിൽ 22നാണ് മസ്കിന്റെ ഇന്ത്യാ സന്ദർശനം നിശ്ചയിച്ചിരുന്നത്.
എന്നാൽ 23ന് ടെസ്ലയുടെ വരുമാനവുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായും വിശകലന വിദഗ്ദരുമായും ഒരു കൂടിക്കാഴ്ച നടക്കുന്നുണ്ട്. അതിനാലാണ് ഇന്ത്യ സന്ദർശനം മസ്ക് മാറ്റിവെച്ചതെന്നാണ് സൂചന.
ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനു മുന്നോടിയായിട്ടാണ് മസ്ക് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നത്. ഇലോൺ മസ്ക് ഇന്ത്യയിൽ 300 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൽ സന്ദർശ വേളയിൽ അദ്ദേഹം ഇലോൺ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024-ൽ ഇന്ത്യ സന്ദർശിക്കുമെന്ന് അറിയിച്ച മസ്ക് ടെസ്‌ല ഇന്ത്യൻ വിപണിയിൽ എത്തിക്കാനും കഴിയുമെന്നും അദ്ദേഹം മോദിയെ അറിയിച്ചിരുന്നു.