Sports

അടിതെറ്റി ചെന്നൈ; ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം

Spread the love

ഐപിഎല്ലിൽ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽ‌ക്കെ മറി കടന്നു. രണ്ടു വിക്കറ്റുകൾ നഷ്ടമായി 180 റൺസ് ലഖ്നൗ നേടി. ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിലാണ് ലഖ്നൗവിന്റെ തിളക്കമേറിയ വിജയം. 82 റൺസ് എടുത്ത കെഎൽ രാഹുലാണ് ലക്നൗവിന്റെ ടോപ് സ്കോറർ. ചെന്നൈക്കായി മുസ്തഫിസുറും പതിരാനയും ഓരോ വിക്കറ്റ് വീതമെടുത്തു.

കെഎൽ രാഹുൽ 53 പന്തിൽ 82 റൺസടിച്ച് കൂട്ടിയപ്പോൾ ഡി കോക്ക് 43 പന്തിൽ 54 റൺസെടുത്ത് പുറത്തായി. നിക്കോളാസ് പുരാൻ 11പന്തിൽ 19 റൺസുമായും മാർക്കസ് സ്റ്റോയ്നിസ് 8 റൺസുമായും പുറത്താകാതെ നിന്ന് വിജയത്തിലേക്ക് നയിച്ചു. ജയിച്ചെങ്കിലും ലഖ്നൗ പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.

ആറു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 176 റൺസ് റൺസെടുത്തത്. രവീന്ദ്ര ജഡേജ 57 ഉം രഹാനെ 36 ഉം എം എസ് ധോണി പുറത്താകാതെ 28ഉം റൺസ് എടുത്തു. മൂന്നാറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് എടുത്ത ക്രൂണാൽ പണ്ട്യയാണ് ചെന്നൈയെ പിടിച്ചു കെട്ടിയത്. സീസണിലെ ചെന്നൈയുടെ മൂന്നാം തോൽവിയാണിത്. ലക്‌നോവിന്റെ നാലാം ജയവും.