18 ശതമാനം വേണ്ട അഞ്ച് ശതമാനം മതി; മലബാർ പൊറോട്ടയുടെ GST കൂട്ടണമെന്ന ഉത്തരവ് തള്ളി
മലബാർ പൊറോട്ടയുടെ ജിഎസ്ടി 18 ശതമാനം ആക്കണമെന്നുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി തള്ളി. ബ്രഡ്ഡിന് സമാനമാണ് മലബാർ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തിൽ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. സെൻട്രൽ സ്‌റ്റേറ്റ് ഗുഡ്‌സ് ആൻഡ് സർവീസസ് ആക്ട് പ്രകാരം 18 ശതമാനം ജി.എസ്.ടി ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ മോഡേൺ ഫുഡ് എന്റർപ്രൈസസ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
മോഡേൺ ഫുഡ് എന്റർപ്രൈസസിന്റെ ക്ലാസിക് മലബാർ പൊറോട്ട, ഹോൾവീറ്റ് മലബാർ പൊറോട്ട എന്നിവയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെയായിരുന്നു ഹർജി. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി 18 ശതമാനമാക്കി ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ ബ്രെഡ്ഡിന്റെ ശ്രേണിയിലുള്ള ഉത്പന്നമാണ് പൊറോട്ടയെന്നും ധാന്യപ്പൊടി കൊണ്ട് തന്നെയാണ് പൊറോട്ടയും നിർമ്മിക്കുന്നതെന്നും ഹർജിക്കാർ വാദിച്ചു.
പൊറോട്ടയും ബ്രെഡ്ഡും രണ്ടാണെന്നായിരുന്നു സർക്കാർ വാദം. ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാർ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക.