Kerala

ജെ എസ് സിദ്ധാർത്ഥന്റെ മരണം; കേസ് എറണാകുളം CBI കോടതിയിലേക്ക് മാറ്റി

Spread the love

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെ എസ് സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. കൽപറ്റ കോടതിയിൽ നിന്നാണ് കേസ് സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസിലെ 20 പ്രതികളെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു.

സിദ്ധാർത്ഥന്റെ മരണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തിയിരുന്നു. സിബിഐ ഡിഐജി, എസ്പിമാരായ എ കെ ഉപാധ്യായ, സുന്ദർവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തോളം പേരാണ് പരിശോധനയ്ക്കായി എത്തിയത്. സിബിഐ ആവശ്യപ്പെടുന്ന എല്ലാ രേഖഥകളും സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകിയിരുന്നു.

സിദ്ധാർത്ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ബന്ധുക്കളടക്കം ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ തൂങ്ങി നില്ക്കുന്ന നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാർത്ഥികളടക്കം മൊഴി നല്കിയത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് പരിശോധന നടത്തിയത്.