ഇസ്രയേൽ തിരിച്ചടിച്ചേക്കുമെന്ന് കണക്കുക്കൂട്ടൽ; പ്രതിരോധ നീക്കങ്ങൾ ആരംഭിച്ച് ഇറാൻ
മിസൈൽ ആക്രമണത്തിന് മറുപടിയായി ഇസ്രയേൽ തിരിടച്ചടിച്ചേക്കുമെന്ന കണക്കുക്കൂട്ടലിൽ പ്രതിരോധ നീക്കങ്ങൾ ആരംഭിച്ച് ഇറാൻ. ആക്രമണത്തിനായി വ്യോമസേന സജ്ജമായി കഴിഞ്ഞിരിക്കുന്നുവെന്ന് ഇറാൻ അറിയിച്ചിരുന്നു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇറാന്റെ ചരക്കു കപ്പലുകൾക്ക് നാവികസേനയുടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സിറിയയിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അവരുടെ മുതിർന്ന ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. കൂടാതെ ഇറാൻ പിന്തുണയുള്ള ഹിസുബുള്ളയും പ്രധാന നേതാക്കളെ ഒഴിപ്പിച്ചു. അതേസമയം ഇറാന് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയനും ജി സെവൻ രാജ്യങ്ങളും ഒരുങ്ങുകയാണ്.
ഏപ്രിൽ 13ന് രാത്രിയാണ് ഇസ്രായേലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. അതിൽ 99 ശതമാനവും മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായും പറയുന്നു. ഇറാനിൽ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽനിന്നും യെമനിൽ നിന്നും മിസൈൽ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാന് തക്കസമയത്ത് മറുപടി നൽകുമെന്ന് മന്ത്രി ബെന്നി ഗാന്റ്‌സ് വ്യക്തമാക്കിയിരുന്നു.