Gulf

ഗള്‍ഫില്‍ നാശം വിതച്ച് മഴ; വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍

Spread the love

ഗള്‍ഫില്‍ കനത്ത മഴ തുടരുന്നു. യുഎഇയിലെ വിവിധയിടങ്ങള്‍ വെളളത്തിനടിയിലായി. ഒമാനില്‍ മഴയില്‍ 10 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 18 ആയി. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു. ബഹറൈനില്‍ മഴയില്‍ മലയാളികളുടെ ഉള്‍പ്പെടെ വ്യാപാരസമുച്ചയങ്ങളിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും വെളളം കയറി. മഴ തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ വിവിധിയിടങ്ങളില്‍ ഓറഞ്ച്, യെല്ലോ, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

പലയിടത്തും റോഡുകളിലും താഴ്ന്ന് പ്രദേശങ്ങളിലും വെളളം നിറഞ്ഞ് വാഹനഗതാഗതം താറുമാറായി. പലയിടത്തും വാഹനങ്ങളിളും വീടുകളിലും വെള്ളം കയറി. ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ കാര്യമായി ബാധിച്ചു. ഇന്ന് നടത്തേണ്ടിയിരുന്ന 17 വിമാനസര്‍വീസുകള്‍ റദ്ദാക്കി മൂന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

വ്യാവസായികമേഖലകളിലാണ് മഴ കൂടുതല്‍ ദുരിതം വിതയ്ക്കുന്നത്. ഷാര്‍ജയില്‍ പല കമ്പനികളുടെയും വെയര്‍ഹൗസുകള്‍ പലതും വെളളത്തിനടിയിലായി. അല്‍ഐന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ റോഡ് തകര്‍ന്നു. സ്‌കൂളുകളില്‍ ഇന്നും നാളെയും പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സ്വീകരിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഒമാനിലും അതി ശക്തമായ മഴ തുടരുകയാണ്.

കനത്ത മഴയുടെ പശ്ചാതലതതില്‍ ദോഫാര്‍, അല്‍ വുസ്ത ഒഴികെയുള്ള എല്ലാ ഗവര്‍ണറേറ്റുകളിലെയും എല്ലാ സ്‌കുളുകള്‍ക്കും നാളെയും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബഹറൈനിലെ വിവിധ മേഖലകളിലും മഴ തുടരുകയാണ്.. ബഹറൈനില്‍ മഴയില്‍ മലയാളികളുടെ ഉള്‍പ്പെടെ വ്യാപാരസമുച്ചയങ്ങളിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും വെളളം കയറി. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ സ്ട്രീറ്റ് റൗണ്ട് എബൗട്ട് , ബുരി ടണല്‍, അല്‍-ഖത്തേ സ്ട്രീറ്റ് ടണല്‍, ശൈഖ് സല്‍മാന്‍ സ്ട്രീറ്റ്, ഇസാ ടൗണ്‍ ഗേറ്റ് ടണല്‍, എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

അസ്ഥിരകാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെളളക്കെട്ട്‌നീക്കം ചെയ്യാനുളള നടപടികള്‍ പലയിടത്തും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നാളെ രാവിലെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.