പൊരുതിയെത്താനാവാതെ ദിനേശ് കാർത്തിക്; ആർസിബിക്കെതിരെ ഹൈദരാബാദിന് വമ്പൻ ജയം
ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് വമ്പൻ ജയം. 25 റൺസിനാണ് ഹൈദരാബാദിൻ്റെ ജയം. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആർസിബിയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 262 റൺസെടുക്കാനേ സാധിച്ചുള്ളൂ. 83 റൺസ് നേടിയ ദിനേശ് കാർത്തിക് ആണ് ടോപ്പ് സ്കോറർ. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. പവർ പ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് നേടിയ ആർസിബിക്ക് തൊട്ടടുത്ത ഓവറിൽ വിരാട് കോലിയെ നഷ്ടമായി. 20 പന്തിൽ 42 റൺസ് നേടിയ കോലിയെ മായങ്ക് മാർക്കണ്ഡെ പുറത്താക്കുകയായിരുന്നു. വിൽ ജാക്ക്സ് (7) ദൗർഭാഗ്യകരമായി റണ്ണൗട്ടായപ്പോൾ രജത് പാടിദാർ (9) മായങ്ക് മാർക്കണ്ഡെയുടെ അടുത്ത ഇരയായി മടങ്ങി. വിക്കറ്റുകൾ കടപുഴകുമ്പോഴും ആക്രമിച്ചുകളിച്ച ഫാഫ് ഡുപ്ലെസി 23 പന്തിൽ ഫിറ്റി തികച്ചു. 28 പന്തിൽ 62 റൺസ് നേടിയ താരം പാറ്റ് കമ്മിൻസിൻ്റെ ഇരയായി മടങ്ങുകയായിരുന്നു. സൗരവ് ചൗഹാനും (0) ആ ഓവറിൽ പുറത്തായി.
ആറാം വിക്കറ്റിൽ മഹിപാൽ ലോംറോറും ദിനേശ് കാർത്തികും ചേർന്നതോടെ വീണ്ടും റൺസ് ഉയർന്നു. അവിശ്വസനീയമായ രീതിയിൽ ബാറ്റ് ചെയ്ത ദിനേശ് കാർത്തിക് അനായാസം ബൗണ്ടറികൾ കണ്ടെത്തി. 23 പന്തിൽ താരം ഫിഫ്റ്റിയിലെത്തി. 11 പന്തിൽ 19 റൻസ് നേടിയ ലോംറോറിനെ പുറത്താക്കി കമ്മിൻസ് ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചു. കാർത്തികുമൊത്ത് 59 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ലോംറോർ പുറത്തായത്. പങ്കാളി മടങ്ങിയെങ്കിലും ആക്രമണം തുടർന്ന കാർത്തിക് ഏഴാം വിക്കറ്റിൽ അനുജ് റാവത്തുമൊത്ത് 93 റൺസ് കൂട്ടിച്ചേർത്തു. ഒടുവിൽ 35 പന്തിൽ 83 റൺസ് നേടിയ കാർത്തികിനെ വീഴ്ത്തി ടി നടരാജൻ ഹൈദരാബാദിൻ്റെ ജയം ഉറപ്പിച്ചു. 14 പന്തിൽ 24 റൺസുമായി അനുജ് റാവത്ത് നോട്ടൗട്ടാണ്.
ഇരു ടീമുകളും ചേർന്ന് ഏറ്റവുമധികം റൺസ് നേടിയ ടി-20 മത്സരമാണ് ഇത്. ആകെ 81 ബൗണ്ടറികൾ പിറന്നതും ടി-20 ചരിത്രത്തിലെ റെക്കോർഡാണ്.