ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്
ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകത്തിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്. സിപിഎം നേരിട്ട് നടത്തിയ കൊലപാതകം എന്ന നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയത്. കേസ് പുനരന്വേഷിക്കണം എന്നാവശ്യപെട്ട് ആലപ്പുഴ ഡിസിസി അധ്യക്ഷൻ ബാബു പ്രസാദ് ഡിജിപിക്ക് പരാതി നൽകി.
മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബുവാണ് വെളിപ്പെടുത്തൽ നടത്തിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറിക്ക് അയച്ച കത്തിലാണ് വിവാദ പരാമർശം. ബിപിൻ സി ബാബുവിന്റെ വിശദമായ മൊഴി എടുക്കണം എന്നാണ് ആവശ്യം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
2001ലാണ് മുൻ ഐഎൻടിയുസി നേതാവായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ കൊല്ലപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലാത്തതിനാൽ 2006ൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി ബാബുവിൻറെ വെളിപ്പെടുത്തൽ. സത്യൻ കൊലക്കേസിൽ ആറാം പ്രതിയായിരുന്നു ബിപിൻ.
ഭാര്യയെ നടുറോഡിൽ മർദ്ദിച്ച സംഭവത്തിൽ കഴിഞ്ഞ വർഷം സിപിഐഎം പാർട്ടിയിൽ നിന്ന് ബിപിനെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉൾപ്പെടുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യൻറെ കൊലപാതകത്തെക്കുറിച്ചാണെന്ന് പരാമർശിക്കുന്നത്.