‘എന്റെ മൂത്ത സഹോദൻ സ്റ്റാലിൻ’, എംകെ സ്റ്റാലിന് മൈസൂര്‍ പാക്കുമായി രാഹുല്‍ ഗാന്ധി
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് മധുരവുമായി രാഹുല്‍ ഗാന്ധി. വെള്ളിയാഴ്ച കോണ്‍ഗ്രസ് തങ്ങളുടെ എക്സ് ഹാന്‍ഡിലില്‍ പങ്കുവച്ച വിഡിയോയിലാണ് സ്റ്റാലിന് നല്‍കാന്‍ രാഹുല്‍ മൈസൂര്‍ പാക്ക് വാങ്ങുന്ന ദൃശ്യങ്ങളുള്ളത്.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ മുന്നണി സംഘടിപ്പിച്ച കോയമ്പത്തൂരിലെ പൊതുസമ്മേളന സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയാണ് ശിങ്കാനല്ലൂരിലെ ബേക്കറിയില്‍ രാഹുല്‍ കയറിയത്. കടയിലെ ജീവനക്കാര്‍ക്കൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
മൈസൂര്‍ പാക്ക് വാങ്ങുന്ന വിഡിയോ തന്‍റെ ഫെയ്സ്ബുക്കില്‍ പങ്കുവച്ച രാഹുല്‍ തന്‍റെ സഹോദരന്‍ സ്റ്റാലിനായി കുറച്ച് മധുരം വാങ്ങുന്നുവെന്നും തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധുരം പകരുന്നു എന്നും കുറിച്ചു.
ഒരു കടയില്‍ കയറി രാഹുല്‍ മധുര പലഹാരം വാങ്ങുന്നതാണ് വിഡിയോ. വിഡിയോയുടെ പശ്ചാത്തലത്തില്‍ ഒരു സ്ത്രീ ആര്‍ക്കാണിതെന്ന് ചോദിക്കുമ്പോള്‍ എന്‍റെ സഹോദരനാണ് എന്ന് രാഹുല്‍ മറുപടി പറയുന്നുമുണ്ട്.
തന്റെ മൂത്ത സഹോദനാണു സ്റ്റാലിനെന്നും താൻ രാഷ്ട്രീയത്തിൽ മറ്റാരെയും സഹോദരനെന്നു വിളിക്കാറില്ലെന്നും രാഹുൽ ഗാന്ധി പൊതുയോഗത്തില്‍ പറഞ്ഞു. രാഹുൽ നിങ്ങളാണു പുതിയ ഇന്ത്യയെ നയിക്കേണ്ടതെന്നാണ് സമ്മേളനത്തില്‍ എം.കെ.സ്റ്റാലിൻ രാഹുൽ ഗാന്ധിയോട് പറഞ്ഞത്.