Kerala

തൃശൂർ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് തിരുത്താൻ നടപടി; ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലർ തിരുത്താൻ നിർദേശം നൽകി വനംമന്ത്രി

Spread the love

പ്രതിഷേധങ്ങൾ ശക്തമായതോടെ തൃശൂർ പൂരം ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉത്തരവ് തിരുത്താൻ നടപടി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ സർക്കുലർ തിരുത്താൻ വനംമന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പുതിയ സർക്കുലർ ഇറക്കാനാണ് നിർദേശം. സർക്കാർ ഇടപെടലോടെ പൂരം പ്രതിസന്ധി അവസാനിച്ചതായി തിരുവമ്പാടി പാറമേക്കാവ് ദേവസങ്ങൾ അറിയിച്ചു.

തൃശ്ശൂർ പൂരത്തിന് കൊടിയേറുന്നത് മണിക്കൂറുകൾക്കു മുമ്പാണ് വിവാദ നിർദ്ദേശത്തിന്റെ ഉത്തരവ് ദേവസ്വങ്ങൾക്ക് ലഭിക്കുന്നത്. അപ്രായോഗികമായ മാർഗ്ഗനിർദ്ദേശങ്ങളിൽ ശക്തമായ പ്രതിഷേധം. പിന്നാലെ ജില്ലയിൽ നിന്നുള്ള റവന്യൂ മന്ത്രി കെ രാജൻ ഇടപെട്ടു. ഉത്തരവിൽ തിരുത്തൽ കൊണ്ടുവരുമെന്ന് വനമന്ത്രി എ കെ ശശിധരൻ പ്രഖ്യാപിച്ചതോടെ ആശ്വാസമായി.

ആനകളുടെ 50 മീറ്റർ ചുറ്റളവിൽ മേളക്കാർ ഉൾപ്പെടെ ആൾക്കൂട്ടം പാടില്ലെന്ന നിബന്ധനയായിരുന്നു പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ സർക്കാർ ഇടപെടലിൽ തിരുത്തൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതോടെ നടപടിയിൽ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു ദേവസ്വങ്ങൾ.

നിർദ്ദേശം പിൻവലിച്ചില്ലെങ്കിൽ ആനകളെ വിട്ടു നൽകില്ലെന്ന് നിലപാടെടുത്ത ആന ഉടമ സംഘവും ഒടുവിൽ അയഞ്ഞു. അങ്ങനെ പ്രതിസന്ധികൾ ഇല്ലാതെ തൃശ്ശൂർ പൂരത്തിന് ഒരുങ്ങി. മുൻവർഷങ്ങളിലേത് പോലെ തന്നെ സുരക്ഷയുറപ്പാക്കിയുള്ള പൂരമാകും ഇക്കുറിയും നടക്കുക.