Friday, November 15, 2024
Latest:
Kerala

കേരള സ്റ്റോറി പ്രദർശനം; വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം

Spread the love

കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. മതബോധനത്തിന് അനുബന്ധമായി വർഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവർ മണിപ്പൂരിനെ മറന്നുപോയത് മനഃപൂർവമാണോ എന്ന് മുഖപത്രത്തിൽ ചോദിക്കുന്നു.

‘പള്ളിയിലെ കാര്യം പള്ളിക്കാർ നോക്കും’ എന്ന് ആക്രോശിക്കുന്നവർ ഉത്തരേന്ത്യയിൽ നൂറു കണക്കിന് പള്ളികൾ സംഘപരിവാർ തകർത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? ബിജെപിയുടെ പോളിംഗ് ബൂത്ത് ഏജന്റായി ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) മാറിയെന്ന പ്രതിപക്ഷാരോപണത്തെ ശരിവയ്ക്കുന്ന തരത്തിലാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ എന്നും സത്യദീപം പറഞ്ഞുവെക്കുന്നു.

‘ദി കേരള സ്‌റ്റോറി’ യഥാർത്ഥ സംഭവത്തെ കുറിച്ചുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു. കേരളത്തിൽ ഐസ് റിക്രൂട്ട്‌മെന്റ് നടന്നതിന് തെളിവുകളുണ്ടെന്നും ഇന്ന് നടന്നുകൊണ്ടിരിക്കുന്നതും നാളെ നടക്കാനാരിക്കുന്നതുമായി സംഭവങ്ങളാണ് സിനിമയിലുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

‘കേരളത്തിൽ നിന്ന് കൗമാരക്കാരായ പെൺകുട്ടികളെ പ്രണയം നടിച്ച് മതംമാറ്റിയിട്ടുണ്ട്. പൊന്നാനിയിൽ കൊണ്ടുപോയി മതംമാറ്റുകയും സിറിയയിൽ ഐഎസിൽ ചേരാൻ കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം യാഥാർത്ഥ്യങ്ങളാണ്. ഇന്നലെയും നടന്നു. ഇന്ന് നടക്കുന്നുമുണ്ട്. നാളെയും നടക്കും. ഇതിനെതിരായണ് ദി കേരള സ്റ്റോറി’. ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു.

കേരളത്തിൽ വിവിധ ക്രൈസ്തവ രൂപതകൾ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു.ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ചിത്രം പ്രദർശിപ്പിച്ചു. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.

പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തു.