സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം നേതൃത്വത്തിന്റെ അറിവോടെയല്ല; അമേഠിയിലും റായ്ബറേലിയിലും റോബർട്ട് വാദ്രയ്ക്ക് സീറ്റില്ല
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര മത്സരിച്ചേക്കില്ല. സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം പങ്കുവച്ചുകൊണ്ടുള്ള വാദ്രയുടെ പ്രസ്താവന തങ്ങളുടെ അറിവോടെയല്ലെന്ന് ഉത്തർപ്രദേശ് ഘടകത്തോട് ദേശീയ നേതൃത്വം വ്യക്തമാക്കി. ഇതോടെ അമേഠിയിലും റായ് ബറേലിയിലും റോബർട്ട് വാദ്രയ്ക്ക് സീറ്റുണ്ടാകില്ല. എന്നാൽ നെഹ്റു കുടുംബത്തിലെ ഒരാൾ തന്നെ മത്സരിക്കും എന്ന സൂചനയും ദേശീയ നേതൃത്വം വ്യക്തമാക്കി.
രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് ആദ്യം സൂചനകളുയർന്ന, ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയ മണ്ഡലത്തിലാണ് റോബർട്ട് വാദ്ര മത്സരിക്കുമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. താൻ പാർലമെന്റ് അംഗമാകാൻ തീരുമാനിച്ചാൽ അമേഠി മണ്ഡലത്തെ പ്രതിനിധീകരിക്കാൻ അവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു റോബർട്ട് വാദ്രയുടെ പ്രതികരണം. വർഷങ്ങളായി അമേഠിയിലേയും റായ്ബറേലിയയിലെയും ജനങ്ങൾക്ക് വേണ്ടി ഗാന്ധി കുടുംബം പ്രവർത്തിക്കുന്നുണ്ട്. അമേഠിയിലെ നിലവിലെ പാർലമെന്റ് അംഗത്തിൽ ജനങ്ങൾ സന്തുഷ്ടരല്ലെന്നും വാദ്ര വ്യക്തമാക്കി.
സ്മൃതി ഇറാനിയാണ് അമേഠിയിൽ ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 55000 വോട്ടുകൾക്കാണ് സ്മൃതി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. റോബർട്ട് വാദ്ര മത്സരിക്കില്ലെന്ന് വ്യക്തമായതോടെ രാഹുൽ ഗാന്ധി തന്നെ അമേഠിയിൽ നിന്ന് മത്സരിക്കുമെന്നാണ് വിലയിരുത്തലുകൾ.