Kerala

സംസ്ഥാനം ചോദിച്ചത് 5000 കോടി; 3000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

Spread the love

കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ അനുമതി നൽകി കേന്ദ്ര സര്‍ക്കാര്‍. വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. 5000 കോടി കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സംസ്ഥാനത്തിൻ്റെ ആവശ്യം. എന്നാല്‍, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. കടമെടുക്കാൻ അനുവദിച്ചതുക വായ്പാ പരിധിയിൽ നിന്നും കുറയ്ക്കും.

കടമെടുക്കാന്‍ കാട്ടുന്ന വ്യഗ്രത കേരളത്തെ അപകടത്തില്‍ ആക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷം കേരളം 56583 കോടി കടമെടുത്തിട്ടുണ്ട്. അതില്‍ 37572 കോടി കടമെടുത്തത് പൊതുവിപണിയില്‍ നിന്നാണ്. അടുത്തവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുക 33597 കോടിയാണെന്നും ഇപ്പോള്‍ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടിയാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

അതേസമയം ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ സഹകരണബാങ്കുകളില്‍ നിന്ന് 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം സ്വരൂപിക്കുക.

ഒന്നരവര്‍ഷത്തിനുള്ളില്‍ മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. ഒരുവര്‍ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നല്‍കി ഒരുവര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു.