കെജ്‌രിവാളും ഭഗ്‌വന്ത് മന്നും തമ്മിലുള്ള കൂടിക്കാഴ്ച; തീരുമാനമെടുക്കാനുള്ള യോഗം ഇന്ന്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിർണ്ണായക യോഗം ഇന്ന്. തിഹാർ ജയിൽ അധികൃതരും ഡൽഹി പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരുമാണ് യോഗം ചേരുക. സുരക്ഷ അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.
ഭഗ്‌വന്ത് മന്നിന് കെജ്‌രിവാളിനെ കാണാൻ അനുമതി നൽകാത്തതിനെതിരെ ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് വിഭവ് കുമാറിനെ നീക്കിയ വിജിലൻസ് സെക്രട്ടറിയേറ്റിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു. മന്ത്രി രാജകുമാർ ആനന്ദിന്റെ രാജി ലെഫ്റ്റ് ഗവർണറെ അറിയിക്കുന്നതിനായി ഉള്ള ഫയൽ തയ്യാറാക്കുന്നതിനും, ആം ആദ്മി പാർട്ടി കോടതിയുടെ അനുമതി തേടും.
അതേസമയം, സിബിഐയുടെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയോ ഉത്തരവോ രജിസ്ട്രിയിൽ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിആർഎസ് നേതാവ് കെ കവിത റൗസ് അവന്യൂ കോടതിയെ സമീപിച്ചു. തിഹാർ ജയിലിൽ നിന്നാണ് സിബിഐ കവിതയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10മണിക്ക് പ്രത്യേക കോടതി ജഡ്ജി മനോജ് കുമാർ ഹർജി പരിഗണിക്കും.