Health

മൂന്നിലൊരാൾ പ്രീ-ഡയബെറ്റിക്; പത്തിലൊരാൾ വിഷാദരോഗി; ഇന്ത്യക്കാരുടെ ആരോഗ്യം ഗുരുതര നിലയിൽ

Spread the love

ലോകത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ളത് ഇന്ത്യയിൽ എന്നു കണക്ക്. പകർച്ചവ്യാധി ഇതര രോഗങ്ങളുമായി ബന്ധപ്പെട്ട് അപ്പോളോ ആശുപത്രി ഗ്രൂപ്പ്‌ നടത്തിയ ഹെൽത്ത്‌ ഓഫ് നേഷൻ സർവേയെ അടിസ്ഥാനമാക്കി വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ ഇന്ത്യയെ “ക്യാൻസർ ക്യാപിറ്റൽ ഓഫ് ദി വേൾഡ്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

രാജ്യത്ത് മൂന്നിലൊന്ന് ആളുകൾ പ്രീ-ഡയബെറ്റിക് ആണെന്നും മൂന്നിൽ രണ്ടു പേർ ഹൈപർടെൻസീവ് ആണെന്നും പത്തിൽ ഒരാൾ വിഷാദ രോഗിയെന്നും റിപ്പോർട്ട് പറയുന്നു. ക്യാൻസർ, ഹൈപർടെൻഷൻ, ഡയബെറ്റിക്സ്, ഹൃദയ സംബന്ധമായ അസുഖങ്ങളും മാനസിക ആരോഗ്യപ്രശ്നവും നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്.

യുവാക്കൾക്കിടയിൽ പ്രമേഹവും വിഷാദവും ഉയർന്നത് ആശങ്കാജനകമെന്ന് റിപ്പോർട്ട് പറയുന്നു. ഇതിനുപുറമേ രാജ്യത്ത് ക്യാൻസർ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഇന്ത്യയുടെ ആരോഗ്യരംഗത്തെ അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് തള്ളിവിട്ടത്. സ്ത്രീകളിൽ സ്തനാർബുദം, സെർവിക്സ് ക്യാൻസർ (ഗർഭാശയമുഖ ക്യാൻസർ) , ഓവേറിയൻ ക്യാൻസർ (അണ്ഡാശയ അർബുദം) തുടങ്ങിയവ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശ്വാസകോശ ക്യാൻസറും മൗത്ത് (വായ) ക്യാൻസറും പ്രൊസ്റ്റേറ്റ് കാൻസറുമാണ് പുരുഷൻമാരിൽ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

Read Also: ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യാന്‍ സ്ത്രീ തൊഴിലാളികള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദം; മഹാരാഷ്ട്രയിലെ കരിമ്പുപാടത്തെ തൊഴില്‍ചൂഷണത്തിന്റെ ഉള്ളറകള്‍

മറ്റു രാജ്യങ്ങളിലെ രോഗികളെ അപേക്ഷിച്ച് ഇന്ത്യയിലെ ക്യാൻസർ രോഗികൾ താരതമ്യേന പ്രായം കുറഞ്ഞവരാണ്. ബ്രെസ്റ്റ് കാൻസർ ഇന്ത്യയിൽ 54-57 പ്രായക്കാരിലാണ് കൂടുതൽ. ലോകത്ത് ഇത് 62-65 വയസുകാരിലാണ്. 40 വയസ് പിന്നിട്ടാൽ സ്ത്രീകൾ സ്തനാർബുദ പരിശോധന നടത്തണം എന്ന് പഠനം ആവശ്യപ്പെടുന്നു. ആയുസിൻ്റെ 30% വരെ ക്യാൻസർ അപഹാരിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്. സാഹചര്യം ഇങ്ങനെയാണെങ്കിലും ക്യാൻസർ രോഗം നിർണയിക്കാനുള്ള സംവിധാനങ്ങൾ വളരെ കുറവാണ്. പൊണ്ണത്തടി രാജ്യത്ത് 2016 ൽ 9% ആയിരുന്നത് 2023 ൽ 20% ആയി ഉയർന്നു. ഹൈപർടെൻഷൻ കേസുകൾ ഇതേ സമയത്ത് 9% ൽ നിന്ന് 13% ആയി വർധിച്ചു.

രാജ്യത്ത് 47% ആളുകൾക്കും ഉറക്കക്കുറവ് പ്രശ്നമാണ്. 52% പല തരത്തിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. മൂന്നിലൊന്ന് ആളുകൾക്കും ഈ രണ്ടു ബുദ്ധിമുട്ടുകളും ഉണ്ട്. മൂന്നിൽ രണ്ടു പേരും രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്നതിന് എടുക്കുന്ന സമയത്തിലും പ്രശ്നങ്ങളുണ്ട്. ഒന്നുകിൽ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിലോ അല്ലെങ്കിൽ രണ്ടു മണിക്കൂർ കഴിഞ്ഞോ ആണ് ഇവർ ഉറങ്ങുന്നത്. ഇത് ഉറക്കക്കുറവിന് പ്രധാന കാരണമാണെന്നും റിപ്പോർട്ട് പറയുന്നു. 64% ആളുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നു. പ്രമേഹ രോഗികളിൽ 81% പേർക്ക് ദഹന പ്രശ്നം ഉണ്ടെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.

കിഴക്കേ ഇന്ത്യയിൽ കരൾ രോഗികളുടെ എണ്ണം 50% വും ദക്ഷിണേന്ത്യയിൽ 28% വുമാണ്. പ്രമേഹം ഏറ്റവും കുറവ് പടിഞ്ഞാറൻ (15%) ഇന്ത്യയിലാണ്. കൂടുതൽ കൂടുതൽ ദക്ഷിണേന്ത്യയിലും, 27%. എന്നാൽ പൊണ്ണത്തടിയിൽ ഇന്ത്യയൊട്ടാകെ എല്ലാ മേഖലകളിലും 22-24% ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.