Kerala

മനുഷ്യ- വന്യജീവി സംഘർഷം; ബജറ്റ് വിഹിതത്തിന്റെ 94.48 ശതമാനം തുക വിനിയോഗിച്ചതായി വനം വകുപ്പ്

Spread the love

മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുവാനായി വനം വകുപ്പിന് 2023-24 ബജറ്റിൽ അനുവദിച്ച 30.85 കോടി രൂപയിൽ 37 ശതമാനം ചെലവഴിക്കാതെ പാഴാക്കിയെന്ന ഓൺലൈൻ വാർത്ത അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് വനം വകുപ്പ്. ബഡ്ജറ്റ് വിഹിതത്തിന്റെ 94.48 ശതമാനം തുക വിനിയോഗിച്ചു കഴിഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷം തടയുന്നതിനായി സംസ്ഥാന ബജറ്റിൽ 30.85 കോടി രൂപയാണ് വകയിരുത്തിയിരുന്നത്.

സാമ്പത്തിക ഞെരുക്കത്തിനിടയിലും മുഴുവൻ തുകയും അനുവദിച്ച് നൽകിയിട്ടുണ്ട്. സംസ്ഥാന ആസൂത്രണ വകുപ്പ് അംഗീകരിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സംഘർഷ മേഖലകളിൽ നിർമാണ പ്രവൃത്തികൾ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ എടുക്കുക, വന്യമൃഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുക, ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുക തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇതിനായി 29.148 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അനുവദിച്ച തുകയുടെ 63.03 ശതമാനം മാത്രം ചെലവഴിക്കുകയും 19.43 കോടി രൂപ പാഴാക്കുകയും ചെയ്തതായി പറയുന്ന ആരോപണം തികച്ചും തെറ്റാണെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു.

വനം വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച 299.65 കോടി രൂപയിൽ 38.40 ശതമാനം തുക മാത്രമാണ് ചെലവഴിച്ചെന്ന ആരോപണവും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. 2023-24 -ലെ സംസ്ഥാന ബജറ്റിൽ വനം വകുപ്പിന് അനുവദിച്ച 305.23 കോടിരൂപയിൽ വകുപ്പിന് അനുവദിച്ച് കിട്ടിയത് 211.18 കോടി രൂപയാണ്. ഈ തുകയിൽ 188.41 കോടി രൂപ ചെലവഴിക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. അതായത് ലഭിച്ച തുകയുടെ 89.22 ശതമാനം തുക ചെലവഴിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.