സിദ്ധാർത്ഥൻ കേസിൽ ഡിജിപിക്ക് പുതിയ നിർദേശവുമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കി; ‘സിബിഐക്ക് എല്ലാ സഹായവും നൽകണം’
തിരുവനന്തപുരം: സിദ്ധാർത്ഥൻ കേസിൽ പൊലീസ് മേധാവിക്ക് പുതിയ നിർദേശം നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സി ബി ഐ അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് പൊലീസ് മേധാവിക്ക് പുതിയ നിർദേശം നൽകികൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സിദ്ധാർഥൻ കേസിൽ അന്വേഷണം തുടങ്ങിയ സി ബി ഐ ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം പൊലീസ് ചെയ്തുകൊടുക്കണമെന്നാണ് പൊലീസ് മേധാവിക്ക് നൽകിയിരിക്കുന്ന നിർദേശം. ക്യാമ്പ് ഓഫീസും വാഹനങ്ങളും മറ്റ് സാങ്കേതിക സഹായങ്ങള്‍ ഉൾപ്പെടെ കേസ് അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണമെന്ന് ഇത് സംബന്ധിച്ച് ഇന്നിറക്കിയ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.