Kerala

പാനൂര്‍ സ്‌ഫോടനക്കേസില്‍ കേരള പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു, പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി: എഡിജിപി എം ആര്‍ അജിത് കുമാര്‍

Spread the love

കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനക്കേസില്‍ കേരള പൊലീസിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടുവെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ സര്‍ക്കുലറില്‍ പരാമര്‍ശം. സ്‌ഫോടന കേസുകളില്‍ കേസുകളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് എഡിജിപിയുടെ വിമര്‍ശനം. പൊതുജനങ്ങള്‍ക്കുള്ള സുരക്ഷയില്‍ പൊലീസ് വിട്ടുവീഴ്ച ചെയ്തു. പ്രോട്ടോക്കോള്‍ അനുസരിച്ച് തെളിവുശേഖരണം നടത്താത്തതിനാല്‍ അന്വേഷണത്തില്‍ താമസം നേരിട്ടെന്നുംസര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. പാനൂര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ബോംബ് പരിശോധനയ്ക്ക് എഡിജിപി നിര്‍ദേശം നല്‍കി.

പാനൂരിലെ ബോംബ് സ്‌ഫോടനക്കേസില്‍മൂന്ന് സിപിഐഎം അനുഭാവികള്‍ അറസ്റ്റിലായിട്ടുണ്ട്. ചെറുപറമ്പ് സ്വദേശി ഷെബിന്‍ ലാല്‍, കുന്നോത്ത്പറമ്പ് സ്വദേശി അതുല്‍, ചെണ്ടയാട് സ്വദേശി അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ സ്‌ഫോടനം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. പാനൂര്‍ സ്‌ഫോടനത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടന്നാണ് പൊലീസ് കണ്ടെത്തല്‍. ബോംബ് നിര്‍മാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഷെറിനും, ഗുരുതരമായി പരിക്കേറ്റ ചികിത്സയിലുള്ള വിനീഷിനുമൊപ്പം പത്തോളം പേര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇതില്‍ രണ്ടുപേര്‍ നിസ്സാരപരിക്കുകളുടെ ചികിത്സയിലുണ്ട്. പ്രദേശവാസികളായ വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരെ ആശുപത്രിയില്‍ എത്തിച്ച ചെണ്ടയാട് സ്വദേശി അരുണിനെയാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഷബിന്‍ ലാലിനെയും, അതുലിനെയും കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ സ്ഥലത്ത് നിന്ന് ഏഴ് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെടുത്തു. പാനൂര്‍,മണ്ണന്തല സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന നടത്താന്‍ എഡിജിപി നിര്‍ദേശം നല്‍കി.