Kerala

സംഭാഷണം കോഡ് ഭാഷ ഉപയോഗിച്ച്, നവീന്റെ ലാപ്‌ടോപില്‍ നിര്‍ണായക ഫയലുകള്‍; അരുണാചലിലെ മലയാളികളുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന് പൊലീസ്

Spread the love

അരുണാചല്‍ പ്രദേശില്‍ മൂന്ന് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്. മരിച്ച നവീന്റെ ലാപ്‌ടോപ്പില്‍ നിന്ന് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.ചില വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചതായാണ് വിവരം. മൂന്നുപേരും
മരണാനന്തര ജീവിതം എന്ന ആശയത്തില്‍ ആകൃഷ്ടരായിരുന്നു. ഇവര്‍ മരിക്കാനായി തെരഞ്ഞെടുത്ത സിറോ താഴ്‌വരയിലെ ഹോട്ടലിന് സമീപം ബ്ലാക്ക് മാജിക് കേന്ദ്രങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. നവീന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മീനടം വലിയ പള്ളിയില്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ചടങ്ങ്.

നവീന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയ പിഡിഎഫില്‍ കോഡ് ഭാഷയിലാണ് ദുര്‍മന്ത്രവാദത്തെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. 2021ലാണ് നവീന്‍ സജീവമായി ചില ഗ്രൂപ്പുകളുമായി ബന്ധപ്പെടാന്‍ തുടങ്ങുന്നത്. ടെലഗ്രാം ഗ്രൂപ്പില്‍ കോഡ് ഭാഷയിലാണ് രേഖകള്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത് പൊലീസ് വിശദമായി പരിശോധിക്കും. നവീനും ആര്യയും നിരന്തരമായി ബന്ധപ്പെട്ട ഡാര്‍ക്ക് നെറ്റ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കും. മരിക്കാനായി മൂവരും തെരഞ്ഞെടുത്ത ദിവസത്തെ സംബന്ധിച്ചും പൊലീസ് ചില അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

തിരുവനന്തപുരം ഡിസിപിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. ആറംഗ സംഘമാകും കേസ് അന്വേഷിക്കുക. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ പി എസ് വിനോദായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. 2021 മുതല്‍ നവീന്‍ ഉപയോഗിച്ചുവരുന്ന ഇ മെയില്‍ ഐഡി വ്യാജമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.