പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന് നിഗമനം; ഫ്രാൻസിസ് ജോർജിന്റെ അപരന്മാരുടെ പത്രികകൾ തള്ളി
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ അപരൻമാർക്ക് തിരിച്ചടി. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിൻ്റെ രണ്ട് അപരൻമാരുടെയും പത്രിക തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചു.
ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ട വരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്ക് കഴിഞ്ഞില്ല. ഇതോടെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്.
ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരിൽ ഒരാൾ സിപിഐഎം പ്രവർത്തകനായിരുന്നു. പരാജയഭീതിയാണ് എൽഡിഎഫിനെന്നായിരുന്നു ഫ്രാൻസിസ് ജോർജിന്റെ പ്രതികരണം. ഫ്രാൻസിസ് ജോർജിന് പുറമേ മിക്ക സ്ഥാനാർത്ഥികൾക്കും അപരന്മാരുണ്ട്. വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് അതേ പേരിൽ ഒരു അപരൻ, കൂടാതെ ബി എസ് പി സ്ഥാനാർഥിയുടെ പേരും ഷാഫി. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്ക് ആവട്ടെ ശൈലജ കെ, ശൈലജ കെ.കെ , ശൈലജ പി എന്നിങ്ങനെ മൂന്ന് അപരർ.
കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ പേരിനോട് സാമ്യമുള്ള 3 പേരാണ് പത്രിക നൽകിയത്. എം ജയരാജൻ, ഏർക്കാട് പറമ്പ് ജയരാജ്, പനച്ചിക്കൽ ജയരാജ് എന്നിവരാണ് അപരന്മാർ . യുഡിഎഫ് സ്ഥാനാർഥി കെ സുധാകരനെതിരെ രണ്ട് അപരന്മാരാണ് രംഗത്ത്. മള്ളന്നൂർ സ്വദേശി സുധാകരൻ, മാമ്പ സ്വദേശി കെ സുധാകരൻ എന്നിവരാണ് അപരന്മാർ.
Read Also: യുഡിഎഫ് റാലിയിൽ ലീഗ് പതാക കൊണ്ടു വരണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും; അതിന് ആരുടേയും സേവ വേണ്ട: എംകെ മുനീർ
കോഴിക്കോടുമുണ്ട് എൽഡിഎഫ് – യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ മൂന്നു വീതം അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് അപരന്മാരായി എൻ രാഘവൻ, പി രാഘവൻ, ടി രാഘവൻ എന്നിവരാണ് കളത്തിൽ. എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് അപരന്മാരായി അബ്ദുൽ കരീം എന്ന പേരിൽ മൂന്ന് പേർ. പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്.ഹംസയ്ക്ക് അപരൻമാരായി ഹംസ കടവണ്ടിയും, ഹംസയും,യുഡിഎഫ് സ്ഥാനാർഥി എം.പി അബ്ദുസമദ് സമദാനിക്ക് അപരനായി അബ്ദുസമദുമുണ്ട്.
കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രൻ നായർ. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിന് അപരനായി സുരേഷ് കുമാർ, തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ എസ് ശശിയും ആറ്റിങ്ങലിൽ അടൂർ പ്രകാശിനെതിരെ പ്രകാശ് എസ്, പ്രകാശ് പി എൽ എന്നിവരും അപരന്മാരായി പത്രിക നൽകിയിട്ടുണ്ട്.