Kerala

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്

Spread the love

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്. മണ്ഡലത്തിലെ
1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ടെന്ന്‌ അടൂർ പ്രകാശ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു. ഒരാളെ പോലും വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യരുത് എന്നാണ് സർക്കാർ നിലപാടെന്നും അന്തിമ പട്ടികയിൽ പരമാവധി പേരെ തിരികയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ്.

മരണപ്പെട്ടവർക്കും സ്വതന്ത്രമായി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്ന സാഹചര്യമാണുള്ളത്. കള്ളവോട്ട് ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു. മണ്ഡലത്തിൽ യുഡിഎഫ് ബിജെപി അവിശുദ്ധ സഖ്യമെന്നു ഇടതുമുന്നണി സ്ഥാനാർത്ഥി വി ജോയ് ആരോപിച്ചു.

അതേ സമയം തിരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ കണ്ടെത്താൻ ബിജെപി സഹായിച്ചെന്ന ആരോപണം അടൂർ പ്രകാശ് നിഷേധിച്ചു. അന്തിമ വോട്ടർ പട്ടിക വന്നതിനുശേഷം ഇരട്ട വോട്ടുകൾ സംബന്ധിച്ച് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് അടൂർ പ്രകാശിന്റെ തീരുമാനം.