പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്
പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കണമല ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. സ്ഥലത്തെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. നാട്ടുകാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.
തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (58) ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വീട്ടുമുറ്റത്ത് നിന്ന് അനക്കം കേട്ട് പുറത്ത് ഇറങ്ങിയപ്പോൾ ആന ആക്രമിക്കുകയായിരുന്നു. രാവിലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബിജുവിന്റെ ഭാര്യയും നാട്ടുകാരും നോക്കിനിൽക്കേയാണ് കാട്ടാന ആക്രമണം. ബിജു ഓട്ടോ ഡ്രൈവറാണ്.
വീടിന് ചുറ്റും മറ്റ് വീടുകളും ഉണ്ട്. എന്നാലും പ്രദേശത്ത് കാട്ടാന ആക്രമണം രൂക്ഷമാണ്. പത്തനംതിട്ട ടൗണിൽ നിന്നും വളരെ ഉള്ളിൽ ശബരിമല പാതയിലാണ് ബിജുവിന്റെ വീട്.
ജില്ലാ കളക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാൻ സമ്മതിക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. ഇതിനു പിന്നാലെയാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.